SignIn
Kerala Kaumudi Online
Monday, 12 October 2026 1.28 AM IST

റിയാദ്  എയർപോർട്ടിൽ  മിസൈൽ  ആക്രമണം; ഇന്ത്യക്കാരനടക്കം  13 മരണം, 308 പേർക്ക് പരിക്ക്

READ ENGLISH VERSION
hoothi

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ഹൂതി മിസൈലാക്രമണത്തിൽ ഇന്ത്യക്കാരൻ അടക്കം 13 പേർ കൊല്ലപ്പെട്ടു. നാലു പേർ സൗദി പൗരന്മാരാണ്. രണ്ടു ബംഗ്ലാദേശികളും യു.എസ്, ജോർദ്ദാൻ, പാലസ്തീൻ, സിറിയ, സുഡാൻ, ഈജിപ്ത് സ്വദേശികളായ ഒരു വ്യക്തി വീതവും കൊല്ലപ്പെട്ടു.

10 ഇന്ത്യക്കാർ അടക്കം 308 പേർക്ക് പരിക്കേറ്റു. ഒരു പതിറ്റാണ്ടിനിടെ സൗദി നേരിടുന്ന മാരക ആക്രമണമാണിത്. വിമാനത്താവളത്തിലെ രണ്ട് ടെർമിനലുകളിൽ ക്രൂസ് മിസൈൽ നേരിട്ട് പതിക്കുകയായിരുന്നു.

വിമാനത്താവളം അടച്ചിട്ടു. എയർ ഇന്ത്യ അടക്കം അന്താരാഷ്ട്ര എയർലൈനുകൾ സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.ദമാമിലെ കിംഗ് ഫഹദ് എയർപോർട്ടിന് സമീപവും മിസൈൽ അവശിഷ്ടം പതിച്ചു. ഇന്നലെയും റിയാദ് വിമാനത്താവളത്തിൽ മിസൈൽ പതിച്ച് തീപിടിത്തമുണ്ടായി. മറ്റൊരു മിസൈലിനെ തകർക്കാനായി. ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് റിയാദ് വിമാനത്താവളം ഹൂതികൾ ആക്രമിക്കുന്നത്. സൗദിയുടെ വ്യോമപ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ മറികടന്നാണ് മിസൈലുകളെത്തുന്നത്.

യു.എസ് ഇടപെട്ടേക്കും

യെമനിലെ ഹൂതികൾക്കെതിരെ പോരാടുന്ന സൗദി സഖ്യ സേനയ്ക്ക് ഒപ്പം ചേരുന്നത് പരിഗണനയിലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും ഒഴികെയുള്ള സൗദി വിമാനത്താവളങ്ങളും വ്യോമപാതയും ഒഴിവാക്കണമെന്ന് യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും ഹൂതികളുടെ മുന്നറിയിപ്പ്. റിയാദിലെ ഗതാഗത കേന്ദ്രങ്ങൾ ഒഴിവാക്കാൻ പൗരന്മാർക്ക് യു.കെ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ നിർദ്ദേശം. റിയാദിൽ സ്കൂളുകൾ അടച്ചു


ഹൂതി കേന്ദ്രങ്ങൾ തകർത്ത് സൗദി

ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച സൗദി, യെമനിൽ സർക്കാരിനൊപ്പം ചേർന്ന് ബോംബാക്രമണങ്ങൾ കടുപ്പിച്ചു. 180 ലേറെ ഹൂതി വാഹനങ്ങളും ആയുധ ശാലകളും തകർത്തു. ഹൂതി നിയന്ത്രണത്തിലുള്ള സനാ വിമാനത്താവളത്തിൽ സ്ഫോടനമുണ്ടായി. ആളപായം വ്യക്തമല്ല.


അപലപിച്ച് ഇന്ത്യ

സൗദിയിൽ സാധാരണക്കാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും എതിരെ നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അവ ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ. സൗദിയുടെ പരമാധികാരം സംരക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOOTHI, RIYADH LATEST NEWS, SAUDIS RIYADH, HOUTHI ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360