
ടെഹ്റാൻ: ഇറാനിൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി യു.എസ്. ജോർദ്ദാനിൽ രണ്ട് യു.എസ് സൈനിക ബേസുകൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയതിനുള്ള തിരിച്ചടിയായിട്ടായിരുന്നു ഇത്. ഇറാനെതിരെ വിട്ടുവീഴ്‌ചയില്ലെന്നും ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇന്നലെ രാത്രി തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ്, ഖേഷം ദ്വീപ്, കോണറാക്, ചബഹാർ, ജാസ്ക്, സിരിക്, ലവൻ എന്നിവിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായി. ആളപായമുണ്ടെന്നാണ് സൂചന. യു.എസ് പ്രകോപനത്തെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ സൈന്യം പ്രതികരിച്ചു. ഇറാന്റെ പ്രത്യാക്രമണം മുന്നിൽക്കണ്ട് ഗൾഫ് രാജ്യങ്ങൾ ജാഗ്രത ശക്തമാക്കി.
തിങ്കാഴ്ച പുലർച്ചെ ഹോർമുസ് കടലിടുക്കിലുള്ള ലറാക് ദ്വീപിൽ യു.എസ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ ജോർദ്ദാനിലെ ബേസുകൾ ലക്ഷ്യമിട്ടത്. ഒരുമാസം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കൊമ്പുകോർത്തത്.
അതേ സമയം, ജൂണിൽ ധാരണയിലെത്തിയ ഇടക്കാല സമാധാന കരാർ പുനഃസ്ഥാപിക്കാൻ യു.എസ് തയ്യാറാണെങ്കിൽ സ്ഥിര വെടിനിറുത്തലിന് തങ്ങളും തയ്യാറാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. ഇന്നലെ ഷാങ്ഹായി ഉച്ചകോടിക്കിടെയായിരുന്നു പ്രസ്‌താവന.
# സൂപ്പർ ടാങ്കറുകൾ
ആക്രമിച്ച് ഇറാൻ
ഒമാൻ തീരത്ത് കൂടി ഹോർമുസ് കടക്കാൻ ശ്രമിച്ച സൗദിയുടെ രണ്ട് സൂപ്പർ ടാങ്കറുകൾക്ക് നേരെ ഇറാന്റെ വ്യോമാക്രമണമുണ്ടായി. ആളപായമില്ല. 20 ലക്ഷം ബാരൽ എണ്ണ വീതമാണ് ഇരുടാങ്കറുകളിലും ഉണ്ടായിരുന്നത്. പ്രതിദിനം ശരാശരി മുപ്പത് കപ്പലുകൾ യു.എസ് നേവിയുടെ അകമ്പടിയോടെ ഹോർമുസ് കടക്കുന്നെന്ന ട്രംപിന്റെ അവകാശവാദത്തിനിടെയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |