
മിസിസിപ്പിയിലെ ഹാൻകോക് കൗണ്ടിയിലെ സ്വകാര്യ ഭൂമി ഇന്ന് അപൂർവ ജീവിയുടെ അതിജീവനകഥയിലെ പുതിയ അദ്ധ്യായമായി മാറിയിരിക്കുകയാണ്. ജിം, ലോറ കറി ദമ്പതികളുടെ ഉടമസ്ഥതയിലുള്ള വുഡ്‌ലാൻഡ് കോട്ടേജിലെ കുളങ്ങളിലേക്ക് 2026 ജൂണിൽ ഏകദേശം 500 വംശനാശഭീഷണി നേരിടുന്ന ഡസ്കി ഗോഫർ തവളകളെയാണ് തുറന്നുവിട്ടത്.
എന്നാൽ തവളകൾ അവിടെ എത്തിയതിന്റെ പിന്നിൽ ഒരു ദിവസത്തെ തീരുമാനമല്ല. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളാണ് ഈ ഭൂമിയെ അതിന് ഒരുക്കിയത്. മുമ്പ് മേച്ചിൽപ്പുറമായും മരങ്ങൾ വെട്ടിമാറ്റിയ പ്രദേശങ്ങളായും ഉപയോഗിച്ചിരുന്ന ഭൂമിയിൽ ലോങ്‌ലീഫ് പൈൻ മരങ്ങൾ നട്ടു. തദ്ദേശീയ പുല്ലുകളും സസ്യങ്ങളും തിരിച്ചെത്തിച്ചു. നിയന്ത്രിത തീപിടിത്തത്തിലൂടെ വനവ്യവസ്ഥയും പുനഃസ്ഥാപിച്ചു.
ഒരുകാലത്ത് ലൂസിയാന, മിസിസിപ്പി, അലബാമ എന്നിവിടങ്ങളിൽ വ്യാപകമായിരുന്ന ഡസ്കി ഗോഫർ തവള ഇന്ന് അമേരിക്കയിലെ ഏറ്റവും അപൂർവ ഉഭയജീവികളിലൊന്നാണ്. 1988 മുതൽ 2004 വരെ അറിയപ്പെട്ടിരുന്ന ഒരേയൊരു ജനസംഖ്യ തെക്കൻ മിസിസിപ്പിയിലെ ഒരു കുളത്തിൽ മാത്രമായിരുന്നു.
മെംഫിസ് മൃഗശാലയിൽ വളർത്തിയെടുത്ത തവളകളെയാണ് ഇപ്പോൾ പുതിയ ആവാസകേന്ദ്രത്തിലേക്ക് എത്തിച്ചത്. ഹാൻകോക് കൗണ്ടിയിൽ ഈ ജീവിയുടെ അറിയപ്പെടുന്ന ഏക ജനസംഖ്യയും ഇതോടെ സ്ഥാപിതമായി.
ഒരു സ്വകാര്യ കുടുംബത്തിന്റെ ഭൂമി, വർഷങ്ങളായുള്ള പരിശ്രമം, സംരക്ഷണ ഏജൻസികളുടെ സഹകരണം. ഇവ ചേർന്നപ്പോൾ വംശനാശത്തിന്റെ വക്കിൽ നിന്നൊരു ജീവിക്ക് പുതിയൊരു പ്രതീക്ഷയാണ് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |