
ക്വാലാലംപ്പൂർ: ഒരു ദശാബ്ദത്തിലേറെയായി കാണാമറയത്ത് തുടരുകയാണ് മലേഷ്യൻ എയർലൈൻസ് വിമാനമായ എം.എച്ച് 370. പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തിന് സമീപം അപ്രത്യക്ഷമായ എം.എച്ച് 370 പൈലറ്റ് ബോധപൂർവ്വം തകർത്തതാണോ എന്ന തരത്തിലെ കഥകളും പ്രചാരത്തിലുണ്ട്. ഫ്ലൈ ദുബായ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എം.എച്ച് 370 വിമാനവും വീണ്ടും വാർത്തകളിൽ നിറയുകയാണ്.
എം.എച്ച് 370ന്റെ പൈലറ്റ് ക്യാപ്റ്റൻ സഹരീ അഹ്‌മ്മദ് ഷാ മാനസിക സമ്മർദ്ദം മൂലമോ മറ്റോ വിമാനം കടലിലേക്ക് ഇടിച്ചിറക്കി ജീവനൊടുക്കാൻ തീരുമാനിച്ചതാകാമെന്ന് ഒരു വിഭാഗം ഏവിയേഷൻ വിദഗ്ദർ പറയുന്നു. വിമാനം അതിന്റെ പാതയിൽ നിന്ന് വെട്ടിത്തിരിഞ്ഞ് സഞ്ചരിച്ചതും ട്രാൻസ്പോണ്ടർ പ്രവർത്തന രഹിതമായതും കൂട്ടിവായിക്കുമ്പോൾ ഇത്തരമൊരു സാദ്ധ്യത തള്ളാനാകില്ല. എന്നാൽ വാദങ്ങൾ സാധൂകരിക്കാനുള്ള തെളിവുകളില്ല. പൈലറ്റിന് മാനസികമായോ സാമ്പത്തികമായോ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. കുടുംബവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.
2014 മാർച്ച് 8ന് മലേഷ്യയിലെ ക്വാലാലംപ്പൂരിൽ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് 239 പേരുമായി പറന്ന എം.എച്ച് 370 ഒരു മണിക്കൂറിനുള്ളിൽ ആശയവിനിമയം വിച്ഛേദിക്കപ്പെട്ട് കാണാതാവുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ എം.എച്ച് 370നായി വിവിധ രാജ്യങ്ങൾ ലക്ഷക്കണക്കിന് ഡോളർ ചെലവിട്ട് അന്വേഷണം നടത്തിയെങ്കിലും വിഫലമായി.
2016 മുതൽ മഡഗാസ്‌കറിന് കിഴക്കും പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലും വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. ചിലത് എം.എച്ച് 370ന്റേത് തന്നെയാകാമെന്ന് വിശ്വസിക്കുന്നു. ഏതായാലും വിമാനത്തിന് എന്തു സംഭവിച്ചെന്ന് ഇന്നും വ്യക്തമല്ല.
വിമാനത്തിനായുള്ള നിലവിലെ അന്വേഷണം 2027 ജൂൺ 30 വരെ മലേഷ്യ നീട്ടിയിരുന്നു. യു.എസ് ആസ്ഥാനമായുള്ള സമുദ്ര പര്യവേക്ഷണ സ്ഥാപനമായ ഓഷൻ ഇൻഫിനിറ്റിയ്ക്കാണ് തെരച്ചിൽ ദൗത്യത്തിന്റെ ചുമതല. കഴിഞ്ഞ വർഷമാണ് കമ്പനിയുമായി 7 കോടി ഡോളറിന്റെ കരാറിന് മലേഷ്യൻ സർക്കാർ അംഗീകാരം നൽകിയത്. വിമാന അവശിഷ്ടം കണ്ടെത്തുമ്പോൾ മാത്രമേ കമ്പനിക്ക് പണം നൽകൂ. തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ 15,000 ചതുരശ്ര കിലോമീറ്റർ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്താനായിരുന്നു കരാർ.
അന്വേഷണം തുടരണമെന്ന് കാട്ടി കാണാതായവരുടെ ബന്ധുക്കൾ മലേഷ്യൻ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. 2017 ജനുവരിയിലാണ് വിമാനത്തെ കണ്ടെത്താനുള്ള ഔദ്യോഗിക അന്വേഷണം അവസാനിച്ചത്. ഒരു വർഷത്തിന് ശേഷം സ്വകാര്യ പങ്കാളിത്തത്തോടെ ആറ് മാസം നീണ്ട തെരച്ചിൽ നടന്നെങ്കിലും ഫലമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |