
മോസ്കോ: റഷ്യയിലെ സൈബീരിയയിൽ പ്ലേഗ് പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ ലബോറട്ടറി ജീവനക്കാരിയുടെ മരണത്തിൽ ആശങ്ക തുടരുന്നതിനിടെ വിശദീകരണവുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) രംഗത്ത്. ന്യൂമോണിയ മൂലമാണ് ലാബ് ജീവനക്കാരി മരിച്ചതെന്ന് റഷ്യ ഡബ്ല്യു.എച്ച്.ഒയെ അറിയിച്ചു. എന്നാൽ ന്യുമോണിയയുണ്ടാകാൻ കാരണമെന്താണെന്ന് കണ്ടെത്തിയിട്ടില്ല. പ്ലേഗ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് റഷ്യയുടെ ഡബ്ല്യു.എച്ച്.ഒയോട് അറിയിച്ചിരിക്കുന്നത്.
ലബോറട്ടറി ജീവനക്കാരിയുടെയും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെയും പരിശോധനാ ഫലങ്ങളിൽ അപകടകാരിയായ രോഗകാരികളുടെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കിയെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. സമ്പർക്കത്തിലുണ്ടായിരുന്നവർക്ക് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല.
മറ്റ് ഗുരുതര ന്യൂമോണിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. 'സംഭവവുമായി ബന്ധപ്പെട്ട് രോഗം പടരുന്നതായി യാതൊരു തെളിവുമില്ല. എന്നാലും മരിച്ച ലബോറട്ടറി ജീവനക്കാരിയുടെ രോഗനിർണ്ണയം കൃത്യമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല എന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നു ' ഡബ്ല്യു.എച്ച്.ഒ പ്രസ്താവനയിൽ അറിയിച്ചു.
ഒക്ടോബർ 2നാണ് ഇർകുറ്റ്‌സ്‌ക് റിസേർച് ആന്റി പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സൈബീരിയ ലാബിലെ ടെക്നീഷ്യനായ ഡാരിയ ഷിപിലോവ (28) ന്യുമോണിയ ബാധിച്ച് മരിച്ചത്. ഗവേഷണത്തിനിടെ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടി ഡാരിയയ്ക്ക് ന്യുമോണിക് പ്ലേഗ് പിടിപ്പെട്ടെന്നാണ് പ്രചരിച്ചത്. തുടർന്ന് പ്രദേശത്ത് നിരവധി പേരെ ക്വാറന്റൈനിലാക്കിയത് ആശങ്ക പടർത്തി. ഇർകുറ്റ്‌സ്‌കിൽ അഞ്ചോളം ആശുപത്രികളിൽ ലോക്ക് ഡൗണും ഏർപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |