
വാഷിംഗ്ടൺ: നിലപാടുകളിലെ ഇരട്ടത്താപ്പ് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ഊർജ്ജ ഉത്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് യു.എസിൽ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന ഭീഷണിക്കിടെ റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാൻ അമേരിക്ക. രാജ്യത്ത് എണ്ണ വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് തീരുമാനം.
യു.എസിലേക്കും ആഗോള വിപണിയിലേക്കും ഡീസൽ കയറ്റുമതിക്കായുള്ള കരാറിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ഫോൺ ചർച്ചയിൽ ധാരണയായതായി ട്രംപ് അറിയിച്ചു. റഷ്യൻ ഡീസൽ കയറ്റുമതിക്ക് മേലുള്ള യു.എസ് ഉപരോധങ്ങൾ 2027 ഏപ്രിൽ വരെ നീക്കി. ആഗോള ഡീസൽ വില കുതിച്ചുയരുന്നത് തടയാനാണിതെന്നാണ് ട്രംപിന്റെ ന്യായീകരണം.
നവംബർ 3ന് യു.എസ് കോൺഗ്രസിലേക്ക് മിഡ് ടേം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിന് മുന്നേ വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങളെ അനുനയിപ്പിക്കാനാണ് ട്രംപിന്റെ ശ്രമം. ട്രംപ് തുടങ്ങിവച്ച ഇറാൻ യുദ്ധമാണ് വിലക്കയറ്റത്തിനും ഊർജ്ജ ക്ഷാമത്തിനുമിടയാക്കിയത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി മിഡ് ടേമിൽ തിരിച്ചടി നേരിട്ടേക്കുമെന്നാണ് സർവേ ഫലങ്ങൾ.
രക്ഷകരായി റഷ്യ
ഊർജ്ജ വിതരണ ക്ഷാമവും വിലക്കയറ്റവും പരിഹരിക്കാൻ റഷ്യ കോടിക്കണക്കിന് മെട്രിക് ടൺ ഡീസൽ വിതരണം ചെയ്യും. 3,00,000 മെട്രിക് ടണ്ണിലേറെ ഡീസൽ ഉടൻ നൽകും. 5,00,000 ടൺ അടുത്ത മാസം. തുടർന്ന് 30 ലക്ഷം ടൺ റഷ്യൻ റിഫൈനറികളുടെ ശേഷിക്ക് വിധേയമായി വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |