SignIn
Kerala Kaumudi Online
Saturday, 10 October 2026 1.38 PM IST

'ആ കാര്യത്തിൽ ഉത്തരവാദിത്തം എന്റേത് മാത്രമാണ് മറ്റാരെയും കുറ്റപ്പെടുത്താനില്ല, ചെയ്യേണ്ട കാര്യങ്ങളെല്ലാം ഞാൻ ചെയ്യുന്നുണ്ട്'

sanju-samson-
സഞ്ജു സാംസൺ

ന്യൂഡൽഹി: തുടർച്ചയായ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തതിനെത്തുടർന്ന് കടുത്ത വിമർശനമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ നേരിട്ടിരുന്നത്. ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ തിരിച്ചുവരവാണ് താരം നടത്തിയത്. 41 പന്തിൽ 82 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഒൻപത് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു സ‍ഞ്ജുവിന്റെ ഇന്നിംഗ്സ്.

സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് ടീമിൽ നിന്ന് താരത്തെ മാറ്റിനിർത്തുന്ന സാഹചര്യവും വർഷങ്ങളായി ഉണ്ട്. ജപ്പാനെതിരായ ഏക ട്വന്റി20 മത്സരത്തിലും ഏഷ്യൻ ഗെയിംസിലും വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ മത്സരത്തിലുമടക്കം കഴിഞ്ഞ നാല് ഇന്നിംഗ്സുകളിൽ സഞ്ജുവിന്റെ സ്കോർ 9, 7, 2, 11 എന്നിങ്ങനെയായിരുന്നു.

പ്രൊഫഷണൽ ക്രിക്കറ്റിൽ സ്വന്തം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഓരോ താരത്തിന്റെയും കടമയാണ് എന്നായിരുന്നു ഇന്നലത്തെ മികച്ച പ്രകടനത്തിന് ശേഷം സഞ്ജു പ്രതികരിച്ചത്. 'റൺസ് കണ്ടെത്താനാകാത്തതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഇന്ത്യയ്ക്കായി കളിക്കുന്ന ഒരു പ്രൊഫഷണൽ ക്രിക്കറ്റ് താരമെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഞാൻ ചെയ്യുന്നുണ്ട്. തയ്യാറെടുപ്പും പരിശീലനവും ഫിറ്റ്നസ് പ്രവർത്തനങ്ങളുമെല്ലാം കൃത്യമായി നടത്തുന്നു. റൺസ് എടുക്കാനാകാതെ പുറത്താകുമ്പോഴും അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാറുണ്ട്. റൺസ് നേടാനാകാത്തതിന് മറ്റാരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. അത് എന്റെ ഉത്തരവാദിത്തമാണ്. '- സഞ്ജു വ്യക്തമാക്കി.

'എന്റെ ശ്രദ്ധ എപ്പോഴും പന്തിലാണ്. എനിക്ക് അനുകൂലമായ രീതിയിലാണ് പന്ത് വരുന്നതെങ്കിൽ ആക്രമിച്ച് കളിക്കും. കവർ ഏരിയയിലേക്കാണോ ലോംഗ് ഓണിന് മുകളിലേക്കാണോ ഷോട്ട് കളിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ബൗളർ എറിയുന്ന പന്തിന്റെ അടിസ്ഥാനത്തിലാണ്. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച് കളിക്കാൻ എനിക്കിഷ്ടമല്ല. പന്ത് കണ്ട് എന്റെ സ്വാഭാവികമായ കഴിവിൽ വിശ്വസിച്ച് കളിക്കുകയാണ് ചെയ്യുന്നത്,"- സഞ്ജു പറഞ്ഞു.

English Summary

Sanju Samson made a strong comeback against the West Indies, scoring 82 runs off 41 balls, including nine fours and four sixes, after facing criticism for inconsistent performances. Reflecting on his struggles, Samson said he takes full responsibility for failing to score and does not blame anyone else.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, SANJU SAMSON COMEBACK, TWENTY TWENTY, INDIA VS WEST INDIES T20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360