SignIn
Kerala Kaumudi Online
Sunday, 10 May 2026 3.05 PM IST

വീട്ടിൽ നടരാജ വിഗ്രഹം വയ്‌ക്കാമോ? അതോ ദോഷമാണോ?, സത്യം ഇങ്ങനെ

Increase Font Size Decrease Font Size Print Page
nataraj-idol

കലാപ്രേമികൾക്കും ഭക്തർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഭഗവാൻ ശിവന്റെ നടരാജ രൂപം. പ്രപഞ്ചത്തിന്റെ ഗതിവിഗതികളെയും ജനനമരണ ചക്രങ്ങളെയും അടയാളപ്പെടുത്തുന്ന നടരാജ വിഗ്രഹം ഒരു കലാരൂപം മാത്രമല്ല, അതിഗഹനമായ ദർശനങ്ങൾ ഉൾക്കൊള്ളുന്ന പ്രതീകം കൂടിയാണ്. എന്നാൽ, വീട്ടിൽ നടരാജ വിഗ്രഹം വയ്ക്കാമോ എന്ന കാര്യത്തിൽ പലപ്പോഴും വിശ്വാസികൾക്കിടയിൽ തർക്കങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. വിശ്വാസവും അന്ധവിശ്വാസവും കലർന്ന നൂൽപ്പാലത്തിലൂടെ കടന്നുപോകുന്നതിനാലാണ് പലപ്പോഴും ഇത് വീട്ടിൽ വയ്ക്കാമോ എന്ന ആശങ്ക നിലനിൽക്കാൻ ഇടയാകുന്നത്. നടരാജ വിഗ്രഹത്തെ ഭയത്തോടെ കാണുന്നവരും നമുക്കിടയിലുണ്ട്.

നടരാജൻ എന്നാൽ നൃത്തം ചെയ്യുന്ന ശിവനാണ്. വിനാശത്തിന്റെ പ്രതീകമായ താണ്ഡമാടുന്ന രൂപമായതിനാൽ ഇത് വീട്ടിൽ വച്ചാൽ കലഹവും നെഗറ്റീവ് എനർജിയും ഉണ്ടാകുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ വിഗ്രഹത്തെ കോപത്തിന്റെ പ്രതീകമായി കാണുന്നത് തെറ്റാണെന്ന് പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ഫ്രിജോഫ് കാപ്ര തന്റെ 'ടാവോ ഓഫ് ഫിസിക്സ്' എന്ന പുസ്തകത്തിൽ നടരാജന്റെ നൃത്തം പ്രപഞ്ചത്തിലെ ചലനത്തിന്റെയും ഊർജ്ജത്തിന്റെയും പ്രതീകമെന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് ആധുനിക ക്വാണ്ടം ഫിസിക്സും ശിവതാണ്ഡവവും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് ശാസ്ത്രലോകം പോലും സമ്മതിക്കുന്ന കാര്യമാണ്.


നമ്മുടെ നാട്ടിൽ ദോഷം എന്ന് പറഞ്ഞ് മാറ്റിനിർത്തപ്പെടുന്ന പല കാര്യങ്ങളും പലപ്പോഴും യുക്തിക്ക് നിരക്കാത്തതാണ്. വീട്ടിൽ മഹാഭാരതം വച്ചാൽ തല്ലുണ്ടാകുമെന്ന് പറയുന്നവർ, അതൊരു മികച്ച സാഹിത്യകൃതിയാണെന്നോ ധർമ്മത്തെക്കുറിച്ച് പറയുന്ന ഗ്രന്ഥമാണെന്നോ ഓർക്കാറില്ല. മറ്റ് മതഗ്രന്ഥങ്ങൾക്കോ കഥാപുസ്തകങ്ങൾക്കോ ഇല്ലാത്ത ഈ 'നിരോധനം' എന്തിനാണെന്ന് വിശ്വാസികൾ തന്നെ ചോദിക്കുന്നുണ്ട്. അശോകം, ചെമ്പകം, കൂവളം എന്നിവ വീട്ടിലുണ്ടാകുന്നത് ദോഷമാണെന്ന് ചിലർ പറയുന്നു. പ്രകൃതിദത്തമായ നന്മകളെ ദോഷമായി കാണുന്ന ഈ പ്രവണത വിചിത്രമാണ്. സ്ത്രീകൾ വേദം പഠിക്കാനോ ലളിതാ സഹസ്രനാമം ചൊല്ലാനോ പാടില്ല എന്നൊക്കെയുള്ള അലിഖിത നിയമങ്ങൾ ആര് ചമച്ചതാണ്? ഭക്തിയിൽ എവിടെയാണ് ലിംഗവിവേചനം?


ഇന്ന് മിക്ക വീടുകളിലും ഓഫീസ് മുറികളിലും ചിരിക്കുന്ന ബുദ്ധന്റെയും വിവിധ മുദ്രകളിലുള്ള ബുദ്ധ പ്രതിമകളും കാണാം. അതിലൊന്നും കാണാത്ത 'ദോഷം' കലയുടെയും സംഗീതത്തിന്റെയും ആധാരമായ നടരാജ വിഗ്രഹത്തിന് മാത്രം ചാർത്തി നൽകുന്നത് എന്തിനാണ്? ശ്രീകൃഷ്ണ വിഗ്രഹങ്ങളും മറ്റ് ദേവതാ രൂപങ്ങളും അലങ്കാരമായി പോലും വയ്ക്കുന്ന നാട്ടിൽ നടരാജനെ മാത്രം പടിക്ക് പുറത്ത് നിർത്തുന്നത് യുക്തിസഹമല്ലെന്നാണ് പണ്ഡിതന്മാരുടെ നിരീക്ഷണം.


വിശ്വാസമനുസരിച്ച് നടരാജ വിഗ്രഹത്തിന്റെ മുഖം പ്രസന്നമാണോ എന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. സന്തോഷത്തോടെ നൃത്തം ചെയ്യുന്ന (ആനന്ദ താണ്ഡവം) വിഗ്രഹം പോസിറ്റീവ് ഊർജ്ജമാണ് നൽകുന്നത്. വാസ്തു ശാസ്ത്രപ്രകാരം വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വിഗ്രഹം സ്ഥാപിക്കാവുന്നതാണ്. വിഗ്രഹവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കലയും ശാസ്ത്രവും ഒത്തുചേരുന്ന അത്ഭുതമാണ് നടരാജ രൂപം. അനാവശ്യ ഭയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വഴിപ്പെടാതെ, അതിന്റെ തനിമ മനസിലാക്കി ആദരിക്കുന്നതാണ് ഉചിതം. ഭക്തിയും വിശ്വാസവും ഭയത്തിലല്ല, മറിച്ച് സനേഹത്തിലും അറിവിലുമാണ് അധിഷ്ഠിതമാകേണ്ടത്.

TAGS: ASTRO, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY