കഴക്കൂട്ടം: അണ്ടൂർക്കോണം ചേമ്പാലയിൽ എൽ.ഡി.എഫ് പ്രചാരണ ബോർഡ് നശിപ്പിച്ചത് ചോദ്യം ചെയ്ത സി.പി.എം പ്രവർത്തകനെ ആക്രമിച്ച കേസിൽ ആറംഗ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ചേമ്പാല സ്വദേശി ആഷിഖിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ ഫഹദ് ഉൾപ്പെടെ നാലുപേരെ പിടികൂടിയിരുന്നു. ഇനി പിടികൂടാനുള്ള ഫൈസലിനായി തിരച്ചിൽ ഊർജിതമാക്കി. അണ്ടൂർക്കോണം ചേമ്പാലയിൽ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. അണ്ടൂർക്കോണം പഞ്ചായത്തംഗമായ ഷാജി അഹമ്മദിനെ മർദ്ദിച്ചപ്പോൾ തടയാൻ ശ്രമിച്ച സി.പി.എം പ്രവർത്തകനായ സജികുമാറിന്റെ കാലിനാണ് വെട്ടേറ്റത്. കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ആക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾക്ക് വ്യക്തമായ രാഷ്ട്രീയ ബന്ധമില്ലെന്നും ലഹരി ഉപയോഗവും ക്രിമിനൽ പശ്ചാത്തലവുമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. പിടിയിലായ ആഷിഖ്,ഫഹദ്,ഒളിവിലുള്ള ഫൈസൽ എന്നിവർ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |