
കൊച്ചി: സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ വാതിലിൽ നിന്ന യാത്രക്കാരനെ പ്ളാറ്റ്ഫോമിലേക്ക് അടിച്ചു വീഴ്‌ത്തി ഒന്നര പവന്റെ സ്വർണമാലയും രണ്ട് മൊബൈൽ ഫോണുകളുമായി കടന്ന മോഷ്ടാവും സഹായിയും പിടിയിലായി. കൊല്ലം ആലുംവിള പുത്തൻവീട്ടിൽ സുഗേഷ് (ചാർളി, 25), സ്വർണം വിൽക്കാൻ സഹായിച്ച ആലപ്പുഴ തുമ്പോളി സ്വദേശി എബി (49) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ കടയിൽ വിറ്റ മാല കണ്ടെടുത്തിട്ടുണ്ട്.
റെയിൽവേ പൊലീസ് ഡിവൈ.എസ്.പി ജോർജ് ജോസഫ്, ഇൻസ്പെക്ടർ കെ. ബാലൻ, ആർ.പി.എഫ് ഇൻസ്‌പെക്ടർമാരായ വേണു, ബിനോയ് ആന്റണി, എറണാകുളം റെയിൽവേ പൊലീസ് സബ് ഇൻസ്‌പെക്ടർ നിസാറുദീൻ എന്നിവരുടെ നേത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ സഹേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ തോമസ്, ഹരികൃഷ്ണൻ, രാജേഷ് മോൻ, ആർ.പി.എഫ് കോൺസ്റ്റബിൾ അജയഘോഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലും കേരളത്തിലും മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്. ഇവരെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിൽ അടച്ചു.
ആലുവ റെയിൽവേ സ്റ്റേഷൻ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ ഏപ്രിൽ ഏഴിന് രാത്രി 8.14നായിരുന്നു സംഭവം. എറണാകുളം-ഗുരുവായൂർ പാസഞ്ചറിൽ കൊരട്ടി സ്റ്റേഷനിലേക്ക് പോകാൻ എത്തിയ തൃശൂർ കൊരട്ടി കാടുകുറ്റി കുലയിടം അമ്മുപ്പിള്ളി വീട്ടിൽ സുനിൽകുമാറിന് (60) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പ്ളാസ്റ്റിക് സർജറിയും വേണ്ടിവന്നു. വടക്കൻപറവൂർ മാളികംപീടികയിൽ ഗ്രാനൈറ്റ് കടയിൽ ജീവനക്കാരനാണ് ഇദ്ദേഹം. പ്ലാറ്റ്ഫോമിലേക്ക് വീണപ്പോൾ മുഖത്ത് ഗുരുതര പരിക്കേറ്റു. രണ്ട് പല്ലുകൾ ഇളകിത്തെറിച്ചു. ഒരു മിനിറ്റ് മാത്രം സ്റ്റോപ്പുള്ള ട്രെയിനിന്റെ ഏറ്റവും മുന്നിലെ കോച്ചിലെ വാതിൽപ്പടിയിലായിരുന്നു സുനിൽകുമാർ. റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്നാണ് സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |