
കാട്ടാക്കട: സ്‌കൂട്ടറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന എട്ട് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അബ്കാരി കേസ് പ്രതിയെ കാട്ടാക്കട എക്സൈസ് സംഘം പിടികൂടി. വിളപ്പിൽശാല ചെക്കിട്ടപ്പാറ പൂണംവിള വീട്ടിൽ 'ബുള്ളറ്റ് രഘു' എന്ന രഘുവാണ് അറസ്റ്റിലായത്. മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
മേപ്പൂക്കട സി.എസ്.ഐ ചർച്ചിന് സമീപത്തുനിന്ന് അരുവിപ്പാറയിലേക്ക് പോകുന്ന റോഡിൽ വച്ച് മദ്യവില്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ആവശ്യക്കാർക്ക് ഫോണിൽ വിളിച്ചു പറയുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി നൽകുകയാണ് ഇയാളുടെ രീതി. കാട്ടാക്കട എക്സൈസ് റേഞ്ചിൽ ഇയാൾക്കെതിരെ മുമ്പും നിരവധി കേസുകളുണ്ട്.
കാട്ടാക്കട താലൂക്കിലെ മയക്കുമരുന്ന്-അബ്കാരി കേസ് പ്രതികളെ എക്സൈസ് സംഘം പ്രത്യേകമായി നിരീക്ഷിക്കുന്നതിടെയാണ് രഘു വീണ്ടും അറസ്റ്റിലായത്. കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.കാർത്തികിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എ.ഒ. സജികുമാർ,പ്രിവന്റീവ് ഓഫീസർമാരായ ആർ.സി.ഉല്ലാസ്,വിനോദ്,ഷിജു,സി.ഇ.ഒമാരായ നിഷാന്ത്,വിപിൻ,മനുലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |