SignIn
Kerala Kaumudi Online
Thursday, 21 May 2026 4.44 AM IST

കഠിനംകുളത്തെ വിറപ്പിച്ച ഗുണ്ടാസംഘം വലയിൽ; പിടിയിലായത് 18 ഓളം കേസുകളിലെ പ്രതികൾ

prakash

കഴക്കൂട്ടം: ​കഠിനംകുളത്ത് നിരന്തരം ഭീതിയും തലവേദനയും സൃഷ്ടിച്ചിരുന്ന മൂന്ന് കുപ്രസിദ്ധ ഗുണ്ടകളെ കഠിനംകുളം പൊലീസ് സാഹസികമായി പിടികൂടി.പള്ളിപ്പുറം പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ വിപിൻ (28,കണ്ണൻ),കഠിനംകുളം ചാന്നാങ്കര മഡോണ ഹൗസിൽ പ്രകാശ് (24,അമ്പിളി),വെട്ടുതുറ മഡോണ ഹൗസിൽ സഞ്ജയ് (20,മണിച്ചൻ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 15ന് ഉച്ചയ്ക്ക് 1ഓടെ പുതുക്കുറിച്ചി പോസ്റ്റ് ഓഫീസിന് സമീപം കടപ്പുറത്ത് വച്ച് പുതുക്കുറിച്ചി സ്വദേശിയായ ജോസ് എന്നയാളെ വെട്ടുകത്തികൊണ്ട് വെട്ടുകയും,നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് നിലവിൽ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.പിടിയിലായ പ്രതികൾക്കെതിരെ അതീവ ഗുരുതരമായ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്.ഒന്നാം പ്രതിയായ വിപിൻ രാസലഹരി വില്പന,കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ,അടിപിടി,വധശ്രമം തുടങ്ങി പതിനെട്ടോളം കേസുകളിൽ പ്രതിയാണ്.

കഠിനംകുളം,പൂജപ്പുര,മണ്ണഞ്ചേരി,പൂന്തുറ,പത്തനാപുരം,ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. മുൻപ് കാപ്പ നിയമപ്രകാരം തടവിലായിരുന്ന ഇയാൾ 2025 നവംബറിലാണ് ജയിൽ മോചിതനായത്.ഇതിനുശേഷവും ഇയാൾ മയക്കുമരുന്ന് കച്ചവടവും അക്രമങ്ങളും തുടരുകയായിരുന്നു.രണ്ടാം പ്രതിയായ സഞ്ജയ് മയക്കുമരുന്ന് കടത്ത്,വധശ്രമം ഉൾപ്പെടെ കഠിനംകുളം പൊലീസ് സ്റ്റേഷനിൽ മാത്രം എട്ടോളം കേസുകളിൽ പ്രതിയാണ്.ഇയാളും കാപ്പ നിയമപ്രകാരം തടങ്കലിലാവുകയും,2025 ഡിസംബറിൽ ജയിൽ മോചിതനാവുകയും ചെയ്തു.മൂന്നാം പ്രതിയായ പ്രകാശ് വധശ്രമം ഉൾപ്പെടെ നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

വെട്ടുതുറ,പുതുക്കുറിച്ചി,പെരുമാതുറ ഭാഗങ്ങളിൽ പ്രദേശവാസികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതും ഭീതി പരത്തുന്നതും ഇവരുടെ പതിവായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം കഠിനംകുളം എസ്.എച്ച്.ഒ സുനുമോൻ,എസ്.ഐ സന്തോഷ്,എസ്.സി.പി.ഒമാരായ ഷാഹുൽ ഹമീദ്,രാജേഷ്,അനസ്,അനീഷ്,സി.പി.ഒമാരായ ശരത്,ചന്ദ്രകാന്ത്,വിശാഖ് എന്നിവരും,ആറ്റിങ്ങൽ സ്റ്റേഷനിലെ വനിത എസ്.ഐ സിത്താര മോഹൻ,പ്രൊബേഷനറി എസ്.ഐ അരുൺ സുന്ദർ,എ.എസ്.ഐ വിജയലക്ഷ്മി,ഡബ്ല്യു.സി.പി.ഒ അഞ്ജന,സി.പി.ഒ അനന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.മേഖലയിൽ ഗുണ്ടാ-ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY