
തിരൂർ: മദ്യം കുടിച്ച് തീർത്തതിന് ബന്ധുവിൽ നിന്നും മർദ്ദനമേറ്റയാളെ മരിച്ച നിലയിൽ കണ്ടെത്തി. ആതവനാട് മണ്ണിൽ ചക്കച്ചാട്ടിൽ പദ്‌മാനന്ദനെയാണ് (52) മരിച്ച നിലയിൽ കണ്ടെത്തിയത്. പദ്‌മാനന്ദന്റെ അമ്മാവന്റെ മകനും തലക്കാട് തെക്കൻ കുറ്റൂർ പഴയടത്ത് ശിവക്ഷേത്രത്തിന് സമീപം താമസക്കാരനുമായ മലയത്ത് മേലേവീട്ടിൽ ഗിരീഷിനെ (48) കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തു.
സംഭവത്തിൽ പൊലീസ് പറയുന്നതിങ്ങനെ- വിവാഹമോചിതരാണ് ഇരുവരും. കുറച്ച് കാലമായി പ്രതി ഗിരീഷിന്റെ വീട്ടിലാണ് പദ്‌മാനന്ദനും താമസിച്ചിരുന്നത്. ഗിരീഷ് വാങ്ങിവച്ച മദ്യം പദ്‌മാനന്ദൻ കുടിച്ചു തീർത്തിരുന്നു. ഇതേച്ചൊല്ലി 20ന് ഉച്ചയ്ക്ക് ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഗിരീഷ് പദ്‌മാനന്ദനെ സോഫയിലേക്ക് തള്ളിയിട്ടപ്പോൾ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിലത്ത് വീണ പദ്മാനന്ദനെ നെഞ്ചിന് കാലുകൊണ്ട് പലതവണ ചവിട്ടി. പദ്‌മാനന്ദന് ചികിത്സ നൽകാനും ശ്രമിച്ചില്ല. അഞ്ച് ദിവസത്തിന് ശേഷം ചൊവ്വാഴ്ചയാണ് മരണവിവരം പുറത്തറിയുന്നത്. ഇയാളെ കാണാഞ്ഞതിനെ തുടർന്ന് സഹോദരി മറ്റൊരാളെ വീട്ടിലേക്ക് പറഞ്ഞയച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കിൽ രക്തം വാർന്ന് മരണം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. മർദ്ദനമേറ്റ് അവശനായി കിടന്ന പത്മാനന്ദൻ മരണപ്പെട്ടിട്ട് രണ്ട് ദിവസത്തോളമായെന്നാണ് പ്രാഥമിക വിവരം. ചോദ്യചെയ്യലിൽ മർദ്ദനം പ്രതി സമ്മതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |