ലക്‌നൗ: ഗായകനും യൂട്യൂബറുമായ യുവാവ് ജിമ്മിന് പുറത്ത് വെടിയേറ്റ് മരിച്ചു. ഹരിയാന സ്വദേശിയായ അങ്കിത് ബല്യാനാണ് (32) കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിൽ ഷാംലി ജില്ലയിലെ ജിമ്മിന് പുറത്തുവച്ച് ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് ബല്യാന് വെടിയേറ്റത്. അക്രമികൾ യുവാവിനുനേരെ 18 റൗണ്ടോളം വെടിയുതിർത്തതായാണ് പ്രാഥമിക വിവരം.
ഷാംലി സിറ്റി കോട്വാലി പരിധിയിലെ ആര്യപുരി നാളാ പാട്രിക്ക് സമീപമാണ് ആക്രമണം നടന്നത്. ജിമ്മിൽനിന്ന് പുറത്തിറങ്ങി തന്റെ കാറിനരികിലേക്ക് പോകുന്നതിനിടെയാണ് ബല്യാന് വെടിയേറ്റത്. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ബല്യാന്റെ തലയിലും വയറിലുമായി അഞ്ച് വെടിയുണ്ടകൾ പതിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ആക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ജിമ്മിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബല്യാന്റെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി-മുസഫർനഗർ റോഡ് പ്രതിഷേധക്കാർ ഉപരോധിച്ചു.
3.66 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരാണ് ബല്യാന് യൂട്യൂബിലുണ്ടായിരുന്നത്. എസ്‌യുവികളും തോക്കുകളും ഉൾപ്പെടുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ വീഡിയോകളിൽ പതിവായിരുന്നു. രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ ബല്യാൻ തയ്യാറെടുക്കുകയാണെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇതിന് കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Haryanvi singer and YouTuber Ankit Balyan, 32, was shot dead outside a gym in Shamli, Uttar Pradesh. Police are investigating the attack and searching for the assailants.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |