
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ട അസാം ധേമാജി സ്വദേശി മധുർജ്യ സോനോവാൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തിയിട്ടും പിടികൂടുന്നതിലുണ്ടായ വീഴ്ച സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജയിൽ ചാട്ടം സംബന്ധിച്ച് ആലുവ പൊലീസാണ് അന്വേഷണം നടത്തുന്നത്.
മൊബൈൽ മോഷണക്കേസിൽ കഴിഞ്ഞ 23ന് ആലുവ കോടതി റിമാൻഡിലായ പ്രതി 24ന് വൈകിട്ട് നാലരയോടെയാണ് രക്ഷപ്പെട്ടത്. അതേദിവസം വൈകിട്ട് അഞ്ചരയോടെയാണ് പ്രതി പെരുമ്പാവൂർ സ്റ്റേഷനിലെത്തിയത്. മൊബൈൽ മോഷണക്കേസിൽ പെരുമ്പാവൂർ പൊലീസ് പിടികൂടിയപ്പോൾ വാങ്ങിയ ആധാർ കാർഡ് തിരിച്ചുവാങ്ങാനാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. പാറാവ് ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരൻ തിരിച്ചറിഞ്ഞില്ലെങ്കിലും മറ്റൊരു പൊലീസുകാരനെ കണ്ട് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതി സ്റ്റേഷനിൽ എത്തിയതിന്റെ സി.സി ടിവി ദൃശ്യം സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ജയിൽ ചാടിയ പ്രതിയാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും സ്റ്റേഷനിൽ ആധാർ കാർഡ് തേടിയെത്തിയ ഒരാൾ അസാധാരണമായി ഇറങ്ങിയോടിയിട്ടും പിന്തുടരാതിരുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ വീഴ്ചയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനൻ 'കേരളകൗമുദി"യോട് പറഞ്ഞു.
ആലുവ ജയിൽ സൂപ്രണ്ട് വി.ജി. ഹരികുമാർ ജയിൽ ഡി.ജി.പിക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജീവനക്കാരുടെ കുറവ്, തടവുകാരുടെ എണ്ണക്കൂടുതൽ എന്നിവയെല്ലാം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രതിക്കായി ജയിൽ വകുപ്പിന്റെ സമാന്തരമായ തിരച്ചിലും നടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |