SignIn
Kerala Kaumudi Online
Friday, 21 August 2026 12.52 AM IST

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; ഒരു വർഷത്തേക്ക് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു

READ ENGLISH VERSION
maradu-aneesh
മരട് അനീഷ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തേക്കാണ് അനീഷിനെതിരെ മരട് പൊലീസ് കാപ്പ ചുമത്തിയത്. തുടർന്ന് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കേരളത്തിലും തമിഴ്നാട്ടിലുമായി അമ്പതോളം കേസുകളിൽ പ്രതിയാണ് അനീഷ്. കഴിഞ്ഞ മാസം ഒരു സ്പായിലെത്തി ഭീഷണിപ്പെടുത്തിയെന്ന കേസും അനീഷിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ പ്രതിയായതോടെ മൈസൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. 2023ലും അനീഷിനെ പൊലീസ് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾക്കും സ്ഥിരം കുറ്റവാളികൾക്കുമെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് കേരള പൊലീസ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആരംഭിച്ച പ്രത്യേക പരിശോധനാ ഡ്രൈവായ ഓപ്പറേഷൻ ഗ്രിപ്പ് സംസ്ഥാനത്തുടനീളം നടപ്പാക്കുകയാണ്. ഓഗസ്റ്റ് 8 മുതൽ 20 വരെയുള്ള ദിവസങ്ങളിലായി 10,519 സാമൂഹികവിരുദ്ധരെയാണ് പൊലീസ് കർശന നിരീക്ഷണ വലയത്തിലാക്കിയത്. ക്രിമിനൽ സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ശേഖരിക്കാനും അക്രമസംഭവങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ആഭ്യന്തര വകുപ്പ് മന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഭീഷണി മുഴക്കി ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ പിടികൂടുകയെന്ന പ്രാരംഭ ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് 8ന് ഈ പ്രത്യേക ഡ്രൈവിന് തുടക്കമിട്ടത്. തുടർന്ന് 48 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞു. എന്നാൽ ഇയാളുടെ അറസ്റ്റോടെ നടപടികൾ അവസാനിപ്പിക്കാതെ, സംസ്ഥാനത്തെ ഗുണ്ടാക്രിമിനൽ മാഫിയകളെ പൂർണ്ണമായി അമർച്ച ചെയ്യുന്നതുവരെ ഓപ്പറേഷൻ ഗ്രിപ്പ് ഊർജ്ജിതമായി തുടരാൻ എഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകുകയായിരുന്നു.

പരിശോധനകളുടെ ഭാഗമായി വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി ഒളിവിൽ കഴിഞ്ഞിരുന്ന 158 പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കൂടാതെ, ജാമ്യത്തിലിറങ്ങി വ്യവസ്ഥകൾ ലംഘിച്ച 47 പേർക്കെതിരെ കോടതികളിൽ റിപ്പോർട്ട് നൽകിയ പൊലീസ്, ഇതിൽ രണ്ടുപേരുടെ ജാമ്യം റദ്ദാക്കിക്കുകയും ചെയ്തു. സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന സാമൂഹികവിരുദ്ധർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ശക്തമായ തുടർനടപടികൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ക്രമസമാധാന വിഭാഗം എഡിജിപി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARADU ANEESH, MARADU ANEESH ARREST, KAAPA, VIYYUR CENTRAL JAIL, KERALA GANGSTER ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY