മാനന്തവാടി: വയോധികയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമം നടത്തിയ തമിഴ്നാട് തെങ്കാശി സ്വദേശികളായ മൂന്ന് സ്ത്രീകൾ പിടിയിൽ. മാനന്തവാടി എൽ.എഫ് യു.പി. സ്‌കൂൾ ജംഗ്ഷനിൽ വയോധികയുയുടെ സ്വർണ്ണ മാല പൊട്ടിക്കാൻ ശ്രമിക്കുകയും പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ രക്ഷപ്പെടുകയും ചെയ്ത മൂന്ന് തമിഴ്നാട് സ്വദേശിനികളാണ് പൊലീസ് പിടിയിലായത്. തമിഴ്നാട് ഗണപതി കോവിൽ തെരുവിൽ ഇന്ദു മതി (49), ഗണപതി പക്കം സ്വദേശികളായ ജാൻവി (34), സുധ (31) എന്നിവരാണ് പൊലീസ് പിടിയിലായത്. പുൽപ്പള്ളി അമരക്കുനി കുന്നേൽ ലീല കരുണാകരൻ (80) ന്റെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്.
സഹായം വാഗ്ദാനം ചെയ്തായിരുന്നു മോഷണ ശ്രമം. ചൊവ്വാഴ്ച രാവിലെ പുൽപ്പള്ളിയിൽ നിന്നും മാനന്തവാടിയിലേയ്ക്കുള്ള ബസിൽ ലീല യാത്ര ചെയ്യവെ, മോഷ്ടാക്കളിലൊരാൾ ഡോക്ടറെന്ന വ്യാജേനെ പരിചയപ്പെടുകയായിരുന്നു. എൽ.എഫ് യു.പി. സ്‌കൂൾ ജംഗ്ഷനിൽ എത്തിയപ്പോൾ ലീല ബസിൽ നിന്ന് ഇറങ്ങിയപ്പോൾ കൂടയുണ്ടായിരുന്ന മോഷ്ടാവും ബസിൽ നിന്ന് ഇറങ്ങി ലീലയുടെ കൂടെ നടന്നു.
ഇതിനിടെയാണ് മോഷ്ടാവ് ലീലയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. മാല നിലത്ത് വീണതുകണ്ടപ്പോഴാണ് കൂടെയുണ്ടായിരുന്നത് ലീല തിരിച്ചറിഞ്ഞത്. ഇതിനിടെ മോഷണശ്രമം നടത്തിയ സ്ത്രീ രക്ഷപ്പെടുകയും ചെയ്തു. സംഭവം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയതോടെ സി.സി.ടി.വി കേന്ദീകരിച്ചുള്ള അന്വേഷണം നടത്തുകയായിരുന്നു. സി.സി.ടി.വിയിൽ നിന്നും സംശയാസ്പദമായ രീതിയിൽ മുന്ന് സ്ത്രീകളുടെ ചിത്രം ലഭിച്ചത്.
ഇതിനെ തുടർന്ന് പൊലീസ് വ്യാപക തൊരച്ചിൽ ആരംഭിച്ചിരുന്നു. മൂവരും വെവെറെയായി ബസിലും ഓട്ടോറിക്ഷയിലും മാനന്തവാടി താഴയങ്ങാടിയിലും ഹൈസ്‌ക്കൂളിന് സമീപത്തും എത്തി ചേരുകയായിരുന്നു.പീച്ചംങ്കോട് പെട്രോൾ പമ്പിന് സമീപത്ത് കൂടി മൂന്ന് സ്ത്രീകൾ റോഡിലൂടെ നടന്ന് പോകുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർ വെള്ളമുണ്ട പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. തിരുനെല്ലി, കമ്പളക്കാട്, സുൽത്താൻ ബത്തേരി, മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീകളുടെ സ്വർ ണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ സംബവുമായി ബന്ധപ്പെട്ട് കേസുകളുണ്ട്.
മോഷണത്തിന് പിന്നിൽ ആണുങ്ങളുമുണ്ടെന്ന് സംശയം
സ്ത്രീകളുടെ മാലപൊട്ടിച്ച് രക്ഷപ്പെടുന്ന സ്ത്രീകളുടെ ഒരു സംഘം തന്നെ തമിഴ് നാട്ടിൽ നിന്നും വയനാട്ടിലെത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സി.സി.ടി.വി.ദൃശ്യവും ഫോട്ടോയും പൊതുജനങ്ങളെയും ഓട്ടോ റിക്ഷ, ബസ് ഡ്രൈവർമാരെയും മറ്റുള്ളവരെയും അറിയിച്ചിരുന്നു. ഇവരെ പിടികൂടാൻ ജില്ലാ പൊലീസ് ചീഫ് പ്രത്യേക സ്‌ക്വാഡ് തന്നെ രൂപീകരിക്കുകയും ചെയ്തിരുന്നു. തിരക്കേറിയ ബസ്, വൃദ്ധരായ സ്ത്രീകൾ സഞ്ചരിക്കുന്ന ഓട്ടോറിക്ഷകൾ എന്നീ വാഹനങ്ങളിലാണ് വിദഗ്ധമായി മാല മോഷ്ടിക്കുന്ന സംഘങ്ങൾ കയറുന്നത്. സ്ത്രീകളെ സഹായിക്കാൻ പുരുഷൻമാരുമുണ്ടെന്നാണ് പൊലീസ് നിഗമനം. കൂടുതൽ പേർ സംഘത്തിലുണ്ടെന്ന വ്യക്തമായ വിവരം ലഭിച്ചതിനാൽ തന്നെ പൊലീസ് ഇവരുടെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടില്ല, കഴിഞ്ഞ ദിവസം മീനങ്ങാടിയിൽ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |