
കണ്ണൂർ:കണ്ണൂരിലെ കൊമ്പ്ര പ്രദീപന്റെയും, സെൻട്രൽ ജയിലിൽ സി.പി.എം പ്രവർത്തകൻ രവീന്ദ്രന്റെയും കൊലപാതകവും,വധ ശ്രമവും ഉൾപ്പെടെയുള്ള കേസുകളിൽപ്പെട്ട് 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി
ബംഗളൂരുവിൽ പിടിയിലായി. കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്ത പി.രാകേഷിനെയാണ് (49) കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കർണാടകയിലെ തർബനഹള്ളിയിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈയാളെ കുടുക്കിയത്.
2004 ഏപ്രിൽ ആറിന് കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന സംഘട്ടനത്തിനിടെയാണ് സി.പി.എം പ്രവർത്തകൻ രവീന്ദ്രനെ കൊലപ്പെടുത്തിയത്. ഇതിനു പുറമെ, കൊമ്പ്ര പ്രദീപനെ വധിച്ച കേസിലും , താവക്കരയിൽ വച്ച് യോഗാനന്ദൻ എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഉൾപ്പെടെ പ്രതിയായ രാകേഷ് ബംഗളൂരുവിലേക്ക് രക്ഷപ്പെട്ടിരുന്നു. അവിടെ ബേക്കറിയിലും കാറ്ററിംഗിലും ജോലിയെടുത്തിരുന്നതായി പൊലീസിന് സൂചന ലഭിച്ചു.അവിടെ കാറ്ററിംഗ് നടത്തുന്ന മലയാളികളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് , സാബു എന്ന പേരിൽ ഇയാൾ 20 വർഷത്തോളമായി തൃശൂർ സ്വദേശിനിയെ വിവാഹം ചെയ്ത് താമസിച്ചു വരുന്നതായി പൊലീസിന് വിവരം കിട്ടിയത്.ഈയാളുടെ ബൈക്ക് രജിസ്ട്രേഷനിലെ പേര് രാകേഷ് എന്നാണ്. തിങ്കളാഴ്ച്ച അർദ്ധ രാത്രിയോടെ ,തർബനഹള്ളിയിലെ വീടിന്റെ രണ്ടാം നിലയിലെ മുറിയിലേക്ക് ഇരച്ച് കയറിയാണ് പൊലീസ് രാകേഷിനെ പൂട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |