SignIn
Kerala Kaumudi Online
Tuesday, 12 May 2026 11.37 PM IST

കെ സി മുഖ്യമന്ത്രി, ചെന്നിത്തലയ്ക്ക് ആഭ്യന്തരം? സതീശന് വിനയായത് 'പ്രതിഷേധങ്ങള്‍'

Increase Font Size Decrease Font Size Print Page
congress

തിരുവനന്തപുരം/ ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴും കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന സസ്‌പെന്‍സ് തുടരുകയാണ്. കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരുടെ പേരുകളിലൊന്ന് തിരഞ്ഞെടുക്കാനായിട്ടില്ല ഹൈക്കമാന്‍ഡിന്. പടനയിച്ച സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അണികള്‍ തെരുവിലിറങ്ങിയതും പ്രതിഷേധിക്കുന്നതും തിരഞ്ഞെടുപ്പിലെ മഹാവിജയത്തിന്റെ ശോഭകെടുത്തിയെന്ന നിലപാടാണ് എഐസിസി നേതൃത്വത്തനുള്ളത്.


എംഎല്‍എമാരുടെ അഭിപ്രായം, മുതിര്‍ന്ന നേതാക്കളുടെ നിലപാട് എന്നിവ കെസി വേണുഗോപാലിന് അനുകൂലമാണ്. കോണ്‍ഗ്രസിന്റെ രീതി അനുസരിച്ച് എംഎല്‍എമാരില്‍ നിന്നാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത്. ഇതനുസരിച്ച് കെ. സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനാണ് സാദ്ധ്യത. മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെ സീനിയോറിറ്റി പരിഗണിച്ച് ആഭ്യന്തര വകുപ്പ് നല്‍കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞ ഒന്നിനും വഴങ്ങില്ലെന്ന നിലപാടാണ് സതീശന്‍ സ്വീകരിച്ചത്.


മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടോ? എങ്കില്‍ അത് ഹാജരാക്കു എന്നാണ് ഹൈക്കമാന്‍ഡ് സതീശന്റെ ആവശ്യത്തിന് മറുപടി നല്‍കിയത്. അതുപോലെ തന്നെ കേരളത്തില്‍ അരങ്ങേറിയ പ്രതിഷേധങ്ങളില്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കടുത്ത അതൃപ്തിയുണ്ട്. ഇത് ആരുടെ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണ് എന്നാണ് ഇരുവരും ചോദിച്ചത്. നേതൃത്വത്തിനെതിരെ അണികളെ തെരുവിലിറക്കി സമ്മര്‍ദ്ദം ശക്തമാക്കാന്‍ ശ്രമിച്ചതും സതീശന് തിരിച്ചടിയായി.


കേരളത്തില്‍ അരങ്ങേറുന്ന പ്രതിഷേധങ്ങളെ കുറിച്ച് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടും സതീശന് അനുകൂലമല്ല. പി.ആര്‍ ഏജന്‍സികളെ ഉപയോഗപ്പെടുത്തിയുള്ള പ്രതിഷേധം എന്ന അഭിപ്രായമാണ് നേതാക്കളില്‍ പലരും രേഖപ്പെടുത്തുന്നത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഇതിലും ഭൂരിഭാഗം പേരും കെ.സി വേണുഗോപാലിനെയാണ് പിന്തുണച്ചത്. എംപിമാരില്‍ ഭൂരിഭാഗവും കെസിക്ക് ഒപ്പമാണ്.


മുഖ്യമന്ത്രിയായി കെ.സി വേണുഗോപാലിനേയും ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തലയേയും പ്രഖ്യാപിക്കുകയാണെങ്കില്‍ മന്ത്രിസഭയിലേക്ക് വിഡി സതീശന്‍ വരുമോ എന്നതാണ് പ്രധാന ചോദ്യം. ധനമന്ത്രി സ്ഥാനം സതീശന് നല്‍കുന്ന ഫോര്‍മുലയാണ് നേതൃത്വം മുന്നോട്ട് വച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ സതീശന്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. എന്തായാലും ബുധനാഴ്ച രാവിലെയോടെ അന്തിമ പ്രഖ്യാപനം നടത്താനാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

TAGS: ELECTIONS 2026, CONGRESS, CM, VD, RC, KC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA