
നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ പ്ളസ്‌ടു മൂല്യനിർണയ പ്രശ്‌നങ്ങൾ, ഇന്ധന വിലക്കയറ്റം.. കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യാനുള്ള വിഷയങ്ങൾ ഏറെയാണ് . എന്നാൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 23 പാർട്ടികളടങ്ങുന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിന് മുന്നോടിയായി കൂടിയാലോചനകൾക്ക് പകരം കലഹമാണ് ഉണ്ടായിരുന്നത്. പ്രധാന പാർട്ടികളായ ആം ആദ്‌മി പാർട്ടി, ഡിഎംകെ എന്നിവർ മുന്നണിയുടെ ഭാവി തീരുമാനിക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നില്ല.
കോൺഗ്രസ് സ്വന്തം സംഘടനാശക്തി വർദ്ധിപ്പിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും കൂട്ടായ്‌മയ്‌ക്കായി ഒന്നും ചെയ്യുന്നില്ലെന്നും കാട്ടിയാണ് ആം ആദ്‌മി പാർട്ടി സഖ്യം വിട്ടത്. ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും ഇവർ വിമർശനം ഉന്നയിച്ചിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാത്രം രൂപീകരിച്ചതാണ് ഇന്ത്യ സഖ്യമെന്നും ഇവർ ആരോപിച്ചിരുന്നു.

അതേസമയം, യുപിഎ സഖ്യം രൂപീകരിക്കപ്പെട്ട 2004 മുതൽ 2013വരെ കോൺഗ്രസിന്റെ തമിഴ്‌നാട്ടിലെ സഖ്യകക്ഷിയായിരുന്നു ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). തമിഴ്‌നാട് നിയമസഭയിലാകട്ടെ ഈ വർഷം വരെ ആ കൂട്ടുകെട്ട് നിലനിന്നു. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) വിജയിച്ചതിന് പിന്നാലെ സഖ്യം വിട്ട് കോൺഗ്രസ് വിജയ്‌ക്ക് പിന്തുണ നൽകുകയും മന്ത്രിസഭയിൽ അംഗമാകുകയും ചെയ്‌തു. ഇത് ഡിഎംകെ പ്രവർത്തകരെ ഞെട്ടിച്ചു. ജൂൺ അഞ്ചിന് ഡിഎംകെ ഇന്ത്യ മുന്നണിയിൽ അംഗമല്ലെന്ന് പാർട്ടി വക്താവ് ടികെഎസ് ഇളങ്കോവൻ പ്രഖ്യാപിച്ചുകഴിഞ്ഞു.
ടിവികെ കാരണമാണ് ഡിഎംകെ ഇന്ത്യ സഖ്യം വിട്ടതെങ്കിലും വിജയ് നേതൃത്വം നൽകുന്ന പാർട്ടിയിൽ നിന്നാരും സഖ്യത്തിന്റെ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ല. യോഗത്തിൽ അവർക്ക് ക്ഷണമില്ല എന്നതാണ് പ്രധാന കാരണം. ലോക്‌സഭയിലോ രാജ്യസഭയിലോ അംഗത്വമില്ലാത്തതിനാലാണ് ടിവികെയെ കോൺഗ്രസ് ക്ഷണിക്കാത്തത്. മോദി സർക്കാരിനെ നേരിട്ട് എതിർക്കുന്ന എംപിമാരുള്ള പാർട്ടികൾ മാത്രമാണ് ഇന്ന് യോഗത്തിലുള്ളത്. നിലവിൽ ടിവികെയെ തമിഴ്‌നാട്ടിൽ മാത്രം ശക്തിപ്പെടുത്താനാണ് വിജയ് ശ്രമിക്കുന്നത്, ദേശീയതലത്തിൽ ശക്തിപ്പെടുത്തുന്നത് തൽക്കാലം ഇല്ല.
അതേസമയം, അടുത്തിടെ നടന്ന പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പോടെ നാമാവശേഷമായ തൃണമൂൽ കോൺഗ്രസ് ഇതുവരെ ഇന്ത്യാ സഖ്യവുമായി എപ്പോഴും യോജിച്ച് പ്രവർത്തിച്ചിരുന്നവരല്ല. എന്നാൽ നിലവിൽ പാർട്ടി നിലനിൽപ്‌തന്നെ പ്രതിസന്ധിയിലായ സമയമായതിനാൽ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മ ബംഗാളിൽ വരുംനാളുകളിൽ സജീവമാക്കാനും അതുവഴി 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിനെയും പാർട്ടിയെയും ബംഗാളിൽ വിജയവഴിയിൽ കൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്. ഇതിനായി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞദിവസം തന്നെ പാർട്ടി അദ്ധ്യക്ഷ മമതാ ബാനർജി ഡൽഹിയിലെത്തി.
യോഗത്തിൽ പങ്കെടുക്കുന്ന സിപിഎം ആകട്ടെ കോൺഗ്രസുമായി അത്ര രസത്തിലല്ല. സീതാറാം യെച്ചൂരിയുടെ കാലത്ത് കോൺഗ്രസിന് ഇന്ത്യാ സഖ്യത്തിന് ഏറ്റവും പിന്തുണ നൽകിയ സിപിഎം ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് അകൽച്ചയിലായത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാഹുൽ ഗാന്ധി സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്നതും സ്വർണം കട്ടത് ആരപ്പാ എന്ന പാട്ട് പ്രചരണത്തിൽ പ്രയോഗിച്ചതും എല്ലാം സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തി. രാഹുലിന്റെ ആരോപണത്തിൽ വ്യക്തത വരുത്തണം എന്നതാണ് പാർട്ടിയുടെ ആവശ്യം.
ബിജെപി അതേസമയം ഇന്ത്യ മുന്നണിയുടെ പ്രവർത്തനത്തെക്കുറിച്ച് വലിയ പരിഹാസമാണ് ഉന്നയിച്ചത്. ഒരു തിരഞ്ഞെടുപ്പ് അടുത്തുവന്നാലോ, ഒരു പ്രതിസന്ധി വന്നാലോ, തിരഞ്ഞെടുപ്പിൽ തോറ്റാലോ മാത്രമാണ് ഇന്ത്യ സഖ്യം യോഗം ചേരുന്നതെന്നും അവർക്ക് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഒരു പ്രാധാന്യവുമില്ലെന്നാണ് ബിജെപി വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |