
കോട്ടയം: ബഹ്‌റൈനിൽ ബാത്ത് ടബിൽ വീണ് ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ മരിച്ചു. കോട്ടയം അകലകുന്നം, മൂഴൂർ പ്ലാപ്പള്ളി വീട്ടിൽ ധ്യാൻ സൂര്യയാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഓണം ആഘോഷിക്കാനായി കഴിഞ്ഞയാഴ്ചയാണ് മുത്തശ്ശൻ ജോസഫിനൊപ്പം ധ്യാൻ ബഹ്‌റൈൻ കേരളീയ സമാജം അംഗമായ അമ്മ മേഘയുടെ അടുത്തെത്തിയത്.
സദ്യയ്ക്കുശേഷം കുട്ടി ഉറങ്ങാൻ കിടന്നിരുന്നു. ഈ സമയം അമ്മ അടുക്കളയിലായിരുന്നു. ഇതിനിടെ ഉണർന്ന കുട്ടി കുളിമുറിയിലെ ടബിൽ കളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. കുട്ടിയെ ബോധരഹിതനായി കണ്ട അമ്മ ഉടൻ അപ്പാർട്ടുമെന്റിലുണ്ടായിരുന്ന ഡോക്ടറുടെ സഹായത്തോടെ പ്രഥമശുശ്രൂഷ നൽകി. വിവരമറിഞ്ഞെത്തിയ എമർജൻസി സംഘം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു. ആറുവർഷമായി ബഹ്‌റൈനിൽ ബ്യൂട്ടി സലൂൺ നടത്തുകയാണ് മേഘ. നാട്ടിൽ മേഘയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ധ്യാൻ താമസിച്ചിരുന്നത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്‌കാരം 2.30ന് മൂഴൂർ പള്ളി സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |