
കൊല്ലം: വിവിധ ചികിത്സാ സമ്പ്രദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വം അനിവാര്യമാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) സംസ്ഥാന സമ്മേളനം കൊല്ലം ബീച്ച് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹോമിയോ ചികിത്സയ്ക്ക് വലിയ പരിഗണന ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. പഞ്ചായത്ത് തലത്തിൽ സർക്കാർ ഹോമിയോ ആശുപത്രികളുള്ള സംസ്ഥാനം ഒരുപക്ഷേ കേരളമായിരിക്കും. എന്നാൽ വിവിധ ചികിത്സാ മേഖലകളിലെ വിദഗ്ദ്ധർ പരസ്പരം അംഗീകരിക്കാത്ത സ്ഥിതിയുണ്ട്. ഒരു ചികിത്സാ സമ്പ്രദായത്തിന് എല്ലാ രോഗങ്ങളും ഭേദമാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ. പി. പരിമൾ ചാറ്റർജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അസോസിയേഷൻ ഏർപ്പെടുത്തിയ ദൃശ്യ മാദ്ധ്യമ അവാർഡ് കൗമുദി ടി.വിയിലെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിന്റെ അവതാരകനും കേരളകൗമുദി അസോസിയേറ്റ് എഡിറ്ററുമായ വി.എസ്. രാജേഷിന് മന്ത്രി. കെ.എൻ. ബാലഗോപാൽ സമ്മാനിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച ഡോക്ടർമാർക്കുള്ള അവാർഡുകളും വിതരണം ചെയ്തു. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ദേശീയ സെക്രട്ടറി ജനറൽ ഡോ. കെ. സജി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി.പി. അഷ്റഫ് സൊഹൈൽ, കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.ജി. ബിജു, കോൺഫറൻസ് ഡയറക്ടർ ഡോ. മുഹമ്മദ് ഷാഫി
തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |