
തിരുവനന്തപുരം: ദേശസാത്കൃത റൂട്ടുകൾ കെ.എസ്.ആർ.ടി.സിക്ക് ഏറ്റെടുക്കാമെന്നിരിക്കെ, ഇടുക്കി ജില്ലയിലെ 34 സ്വകാര്യ ബസുകളുടെ പെർമിറ്റ് നാലു മാസത്തേക്ക് പുതുക്കി നൽകി. മാർച്ച് മൂന്നിന് കൂടിയ ട്രാൻസ്പോർട്ട് അതോറിട്ടി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് നടപടിക്രമങ്ങൾ വേഗത്തിലാക്കി സ്വകാര്യ
ബസുടമകൾക്ക് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.
140 കിലോമീറ്ററിൽ കൂടുതൽ ദൂരമോടുന്ന സർവീസുകൾ കാലാവധി കഴിയുന്ന മുറയ്ക്ക് കെ.എസ്.ആർ.ടി.സിക്ക് ഏറ്റെടുക്കാം. എന്നാൽ ഇടുക്കിയുടെ കാര്യത്തിൽ കെ.എസ്.ആർ.ടി.സി വലിയ താത്പര്യം കാണിച്ചില്ല. ചില ഉന്നതരുടെ നിർദ്ദേശമനുസരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതായാണ് ആരോപണം. സംസ്ഥാനത്ത് 140 കിലോമീറ്ററിൽ അധികം ദൂരമുള്ള 241 സ്വകാര്യ ബസ് പെർമിറ്റുകളാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം കെ.എസ്.ആർ.ടി.സി ഏറ്റെടുത്തത്. ദേശസാത്കൃത പാതകളിൽ ദീർഘദൂര ബസുകൾ ഓടിക്കാനുള്ള അനുമതി കെ.എസ്.ആർ.ടി.സിക്ക് മാത്രമാണുള്ളത്. ഇത് ഹൈക്കോടതി ശരി വച്ചിരുന്നു. കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത പാതകളിലെ സ്വകാര്യ ബസുകൾ പെർമിറ്റ് കാലാവധി കഴിയുമ്പോൾ മാറിക്കൊടുക്കണമെന്നാണ് വ്യവസ്ഥ. ഇടുക്കിയിലെ ദീർഘദൂര പെർമിറ്റുകൾ പൂർണമായും കെ.എസ്.ആർ.ടി.സി ഏറ്റെടുക്കേണ്ടതാണ്.
എതിർത്തു;
പിൻവാങ്ങി
കെ.എസ്.ആർ.ടി.സി അപേക്ഷ നൽകിയില്ലെങ്കിൽ യാത്രാക്ലേശം പരിഗണിച്ച് മോട്ടോർ വാഹന വകുപ്പിന് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനാകും. ഇടുക്കിയിൽ സ്വാർകാര്യ ബസുകൾക്ക് പെർമിറ്റ് നൽകുന്നതിനെ എതിർത്തെങ്കിലും റൂട്ട് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറിയില്ല.
സ്വകാര്യബസുകൾക്ക് പെർമിറ്റ് നിഷേധിക്കുകയും ആ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്താതിരിക്കുകയും ചെയ്താൽ യാത്രക്ലേശമുണ്ടാകും. തിരഞ്ഞെടുപ്പ് കാലത്ത് അതൊഴിവാക്കാനാണ് താത്കാലികമായി പെർമിറ്ര് നീട്ടി നൽകിയെന്നാണ്ട് ഉദ്യോഗസ്ഥർ പറയുന്നത്. സമീപ ജില്ലകളെ ബന്ധിപ്പിച്ചു നടത്തുന്ന സർവീസുകൾക്കാണി പെർമിറ്റ് നീട്ടി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |