SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.36 PM IST

കൊടുംക്രൂരതയ്ക്ക് തൂക്കുകയർ,​ ചെന്താമരയ്ക്ക് വധശിക്ഷ

chenthamara

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് (59) വധശിക്ഷ. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും റിപ്പോർട്ടുകൾ ശരിവച്ചാണ് പാലക്കാട് അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടെ (നാല്) വിധി. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു. കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകത്തിൽ പ്രതിക്ക് കുറ്റബോധമില്ല. കൊലപാതകങ്ങളെ തുടർന്നും ന്യായീകരിക്കുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ വിധിച്ചത്.

2025 ജനുവരി 27ന് നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണിത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രതി 20 ലക്ഷം രൂപ പിഴയുമൊടുക്കണം. ഈ തുക സുധാകരന്റെ മക്കൾക്കും ബന്ധുക്കൾക്കും നൽകണമെന്നും ജഡ്ജി കെന്നത്ത് ജോർജ് നിർദ്ദേശിച്ചു. പ്രതി പിഴത്തുക ഒടുക്കിയില്ലെങ്കിൽ സർക്കാർ ഈ തുക ബന്ധുക്കൾക്ക് നൽകണം. പിഴ ഒടുക്കാതിരുന്നാൽ പ്രതി മൂന്നുവർഷം തടവുശിക്ഷ കൂടി അനുഭവിക്കണം.

ഇരട്ടക്കൊല നടന്ന് ഒന്നരവർഷത്തിനു ശേഷമാണ് ശിക്ഷാവിധി. സുധാകരന്റെ മക്കളുടെ ജീവനും പ്രതി ഭീഷണിയാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാർ വാദിച്ചു. 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ഇരട്ട ജീവപര്യന്തം അനുഭവിച്ചു വരികയാണ്. ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ഒന്നരവർഷം മുമ്പായിരുന്നു ആദ്യകേസിൽ ശിക്ഷ വിധിച്ചത്.

വീണ്ടും കുറ്റം

ചെയ്യാൻ സാദ്ധ്യത

സമൂഹത്തിനു പ്രതി പ്രശ്നക്കാരനാണെങ്കിൽ വധശിക്ഷ നൽകാമെന്നു വിവിധ ഹൈക്കോടതി വിധികളുണ്ടെന്ന് വിചാരണ കോടതി നിരീക്ഷിച്ചു

സുധാകരന്റെ മക്കൾക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് കുറ്റബോധമില്ല.

ജാമ്യം ലംഘിച്ചാണ് കൊലപാതകങ്ങൾ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ളയാളാണെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടുണ്ട്

''ചെന്താമരയെ പേടിയാണ്. പ്രതിക്ക് വധശിക്ഷ കിട്ടണമെന്നാണ് വിചാരിച്ചത്. അതുപോലെതന്നെ വിധി വന്നു.

-അഖില, അതുല്യ,

കൊല്ലപ്പെട്ട

സുധാകരന്റെ മക്കൾ

''കോടതി വിധി സാമൂഹിക നീതി ഉറപ്പാക്കുന്നതാണ്. ചെന്താമരരെ വധശിക്ഷയ്ക്ക് വിധിച്ചത് പ്രോസിക്യൂഷന്റെ വിജയം

-എം.ജെ.വിജയകുമാർ,

പബ്ലിക് പ്രോസിക്യൂട്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENTHAMARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA