
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിനെ തുടർന്ന് ജന്തർ മന്ദറിനു ചുറ്റുമുള്ള 5 കിലോമീറ്റർ മേഖല യുദ്ധക്കളമായി. നൂറിൽപ്പരം വിദ്യാർത്ഥികൾക്കും 50ൽപ്പരം പൊലീസുകാർക്കും പരിക്കേറ്റു. നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്‌തു നീക്കി.
സമരവേദി പൊളിച്ചുമാറ്റി. എസ്.എഫ്.ഐ പ്രവർത്തകരെ അടക്കം അടിച്ചോടിച്ച് സമരമേഖല സീൽ ചെയ്‌തു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിനാൽ കനത്ത സുരക്ഷാ വലയമായിരുന്നു. അതിനെയെല്ലാം മറികടന്ന് പാറ്റകൾ പാർലമെന്റ് കവാടത്തിനു സമീപത്തേക്ക് ഇരമ്പിയെത്തി.
നിർഭയ സംഭവത്തിലെ പ്രതിഷേധങ്ങൾക്കുശേഷം, രാജ്യതലസ്ഥാനത്ത് ഇത്തരത്തിലെ സമരം ആദ്യമാണ്.
പതിനായിരക്കണക്കിനു വിദ്യാർത്ഥികളാണ് ഞായറാഴ്ച രാത്രിമുതൽ എത്തിക്കൊണ്ടിരുന്നത്. ഇപ്പോഴും വിദ്യാർത്ഥികൾ വന്നുകൊണ്ടിരിക്കുകയാണ്. സോനം വാങ്‌ചുകിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇന്നലെ 11 മണിയോടെ കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്‌കെ നിരാഹാരം അവസാനിപ്പിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്താനിറങ്ങിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
കേരള ഹൗസിനു മുന്നിൽ മാർച്ചിനെ ബാരിക്കേഡുകൾ കെട്ടി തടഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു മുന്നോട്ടു നീങ്ങിയ പ്രതിഷേധക്കാരെ ക്രൂരമായാണ് നേരിട്ടത്. ഇലക്‌ട്രിക് ബാറ്റൺ ഉപയോഗിച്ചുവെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു.
സമരം കേരള ഹൗസിന്
സമീപത്തേക്ക് മാറ്റി
കേരള ഹൗസിനു മുന്നിലേക്ക് സമരം മാറ്റിയിരിക്കുകയാണ്. കൊണാട്ട് പ്ലേസ്, പട്ടേൽ ചൗക്ക് തുടങ്ങിയ ഇടങ്ങളിൽ വിദ്യാർത്ഥികൾ തെരുവുകളിൽ തുടരുകയാണ്. ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്.
നീക്കങ്ങൾ
രാവിലെ 11: നിരാഹാരം അവസാനിപ്പിച്ച് അഭിജീത് ദീപ്കെ പാർലമെന്റ് മാർച്ചിനിറങ്ങി
ഉച്ചയ്ക്ക് 12: സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ധർമേന്ദ്ര പ്രധാൻ കണ്ടതായി റിപ്പോർട്ടുകൾ
03.45: ജന്തർ മന്ദർ ഒഴിപ്പിക്കാൻ പൊലീസ് നടപടി
4.00: കേരള ഹൗസിനു പുറത്ത് സമരക്കാർ സംഘടിച്ചു
അനന്തരം
#പൊലീസ് നടപടിയിൽ അതീവ വേദനയുണ്ടെന്ന് വ്യക്തമാക്കിയ സോനം വാങ്‌ചുക്, സഫ്ദർജംഗ് ആശുപത്രിയിൽ നിരാഹാര സമരം തുടരുന്നു
#വാങ്‌ചുകിന്റെ ആരോഗ്യനിലയിൽ ഡൽഹി ഹൈക്കോടതി റിപ്പോർട്ട് തേടി.
# പൊലീസ് നടപടിയെ രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും സി.പി.എം പൊളിറ്റ് ബ്യൂറോയും അപലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |