
കൊച്ചി: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ ഇരയായവർക്കുള്ള ധനസഹായം ഉടൻ വിതരണം ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. മൃതദേഹം എത്രയും വേഗം ബന്ധുക്കൾക്ക് കൈമാറണം. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാച്ചെലവും അവരുടെ കൂട്ടിരിപ്പുകാരുടെ ചെലവും സർക്കാർ വഹിക്കണമെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ.പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. കോടതി നിർദ്ദേശം നടപ്പാക്കി 17ന് റിപ്പോർട്ട് നൽകണം. നഷ്ടപരിഹാരത്തുകയും ആശുപത്രിച്ചെലവും തുരങ്ക നിർമ്മാണ കരാറുകാരിൽ നിന്ന് ഈടാക്കുന്നത് പിന്നീട് തീരുമാനിക്കും. പരസ്പരം പഴിചാരാനുള്ള സമയമല്ലിതെന്നും ഓർമ്മിപ്പിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. വലിയതോതിൽ ചെളി അടിഞ്ഞിരിക്കുകയാണ്. കഡാവർ നായ്ക്കളുടെ സഹായവും തേടിയെങ്കിലും കണ്ടെത്താനായിട്ടില്ല. അതിനാൽ മനുഷ്യ പ്രയത്‌നംതന്നെയാണ് ആശ്രയമെന്നും അതോറിട്ടി സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ അഞ്ചിന് പൂർണമായും നിറുത്തിവച്ചിരുന്നെന്ന് അതോറിട്ടി അറിയിച്ചപ്പോൾ അപകടത്തിന് ഇരയായവർ എന്തു ജോലിയാണ് ചെയ്തിരുന്നതെന്ന് കോടതി ആരാഞ്ഞു.
റിപ്പോർട്ട് പ്രകാരം തുടർനടപടി
മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് രണ്ട് സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സംഭവത്തിന്റെ കാരണങ്ങളെക്കുറിച്ച് സാങ്കേതികവും നിയമപരവുമായ അന്വേഷണം ദുരന്തനിവാരണ സെക്രട്ടറി അദ്ധ്യക്ഷനായ സമിതി നടത്തും. പരിസ്ഥിതി ക്ലിയറൻസിലുള്ള വ്യവസ്ഥകൾ കൊങ്കൺ റെയിൽവേ പാലിച്ചിരുന്നോയെന്നത് പരിസ്ഥിതി സെക്രട്ടറിയുടെ നേതൃത്വത്തിലും അന്വേഷിക്കും. അന്വേഷണസമിതി നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.
സുരക്ഷാ നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അദ്ധ്യക്ഷൻ ജൂൺ 26ന് പ്രത്യേക നിർദ്ദേശവും നൽകിയിരുന്നതായും സർക്കാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |