
കൊച്ചി: വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് പരിക്കിന്റെ തീവ്രതയ്‌ക്കും നഷ്ടത്തിനും അനുസൃതമായ ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. 1980ലെ നഷ്ടപരിഹാര ചട്ടങ്ങളിൽ പറയുന്നത് സംസ്ഥാന സർക്കാർ നൽകേണ്ട ഏറ്റവും കുറഞ്ഞ തുക മാത്രമാണ്. മനുഷ്യജീവന്റെ മൂല്യം ചട്ടങ്ങളിലെ പരിമിതമായ തുകയിൽ ഒതുക്കാനാവില്ല. കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 20,000 രൂപയിൽ നിന്ന് 1.98 ലക്ഷമായി ഉയർത്തിയ സുൽത്താൻ ബത്തേരി സബ്കോടതി ഉത്തരവിനെയും അത് ശരിവച്ച വയനാട് ജില്ലാകോടതി വിധിയെയും ചോദ്യം ചെയ്ത് വനംവകുപ്പ് നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നിരീക്ഷണം.
വന്യമൃഗങ്ങൾ സർക്കാരിന്റെ സ്വത്താണെന്നും, അവ പൗരന്മാരുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കിയാൽ ഉത്തരവാദിത്വം സർക്കാരിനാണെന്നും കോടതി വിശദീകരിച്ചു. 2001ൽ കാട്ടാന കൊലപ്പെടുത്തിയ ചാമപ്പാറ സ്വദേശി സ്കറിയയുടെ ഭാര്യ സാറമ്മയും മക്കളുമാണ് നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |