SignIn
Kerala Kaumudi Online
Sunday, 28 June 2026 3.36 AM IST

തെറ്റ് തിരുത്താൻ സി.പി.എം പി.ബി: കേരള അവലോകനത്തിൽ പാതി വിസമ്മതം

1

ന്യൂഡൽഹി: കേരളം,​ പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം കേരള ഘടകത്തിന്റെ അവലോകനം അതേപടി അംഗീകരിക്കാൻ വിസമ്മതിച്ചു. വെള്ളിയാഴ്ചയും ഇന്നലെയുമായി ഡൽഹിയിൽ നടന്ന യോഗത്തിൽ വിശദമായ തെറ്റുതിരുത്തൽ രേഖയ്‌ക്ക് അന്തിമരൂപം നൽകി. കേരളത്തിലെ പാ‌ർട്ടിയുടെ കീഴ്ഘടകങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ,​ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ഇരു നേതാക്കളെയും വിമർശിക്കാതെയുള്ള സംസ്ഥാന ഘടകത്തിന്റെ റിപ്പോ‌ർട്ടാണ് അതേപടി അംഗീകരിക്കാൻ വിസമ്മതിച്ചത്. നേതൃമാറ്റം പി.ബി ചർച്ച ചെയ്‌തില്ലെങ്കിലും, സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് വിലയിരുത്തിയതായാണ് സൂചന. സംഘടനാ ദൗർബല്യം പരിഹരിക്കാനുള്ള പി.ബി നിർദ്ദേശം കൂടി ഉൾക്കൊള്ളിച്ച തെറ്റു തിരുത്തൽ രേഖ അടുത്തമാസം 11, ​12,​ 13 തീയതികളിലായി നടക്കുന്ന കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്യും. 15 കൊല്ലത്തിന് ശേഷമാണ് ദേശീയ തലത്തിൽ ഇത്തരത്തിൽ രേഖ തയ്യാറാക്കുന്നത്.

പാർലമെന്ററി വ്യാമോഹം

മുതിർന്ന നേതാക്കൾക്കിടയിൽ പാർലമെന്ററി വ്യാമോഹം വ്യാപിക്കുന്നുവെന്ന് പൊളിറ്റ് ബ്യൂറോ വിലയിരുത്തി. പല തട്ടുകളിലും ഇതു പ്രകടമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പാർലമെന്ററി സമ്പ്രദായത്തിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന തെറ്റിദ്ധാരണയുണ്ടാകുന്നു. ഇതിനുള്ള തെളിവാണ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന ചിലർ യു.ഡി.എഫ് സഹായത്തോടെ മത്സരിക്കാനിറങ്ങിയതെന്നും ബേബി ചൂണ്ടിക്കാട്ടി. ജി. സുധാകരൻ,​ ടി.കെ. ഗോവിന്ദൻ,​ വി. കുഞ്ഞികൃഷ്‌ണൻ എന്നിവ‌രുടെ കാര്യമാണ് പരാമർശിച്ചതെങ്കിലും മറ്റു പലരെയും ഉന്നംവച്ചാണെന്ന് സ്പഷ്ടം.

ബി.ജെ.പിക്ക് വിമർശനം

പ്രതിപക്ഷ പാർട്ടികളെ പിളർത്താൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് പി.ബി യോഗത്തിൽ വിലയിരുത്തി. പിളർത്തൽ ഒരു പദ്ധതിയായി മാറ്റിയിരിക്കുന്നു. ആം ആദ് മി പാർട്ടി,​ തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ ലക്ഷ്യമിട്ടിരിക്കുകയാണ്. ദ്രാവിഡ പാർട്ടികൾ ഭരിച്ചിരുന്ന തമിഴ്നാട്ടിൽ ടി.വി.കെ അധികാരത്തിൽ വന്നത് സൂക്ഷ്‌മമായി പഠിക്കേണ്ട വിഷയമാണെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA