
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ,സി.പി.എം നേതൃത്വത്തിൽ ഭിന്നത രൂക്ഷം. മുമ്പ് വിഭാഗീയത നില നിന്നപ്പോഴുള്ളതിനേക്കാൾ വലിയ പ്രതിസന്ധിയാണ് പാർട്ടിയിൽ നിലവിലുള്ളത്. മുതിർന്ന നേതാക്കൾ പരസ്യമായി ഭിന്നഭിപ്രായം പ്രകടിപ്പിച്ചതോടെ, പാർട്ടിക്കുള്ളിലെ അതൃപ്തി പുറത്തു വരുന്നു.
സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള തെറ്റ് തിരുത്തൽ നടപടിക്കായി ഇന്ന് കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങാനിരിക്കെയാണിത്. പാർട്ടിയിൽ വിഭാഗീയത കത്തി നിന്ന കാലത്തു പോലും ഉണ്ടാകാത്ത തരത്തിലാണ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത.. പാർട്ടി കമ്മിറ്റികളിൽ വ്യതസ്ത അഭിപ്രായങ്ങൾ ഉയരുമെങ്കിലും പരസ്യ പ്രസ്താവനകൾ പതിവില്ല. എന്നാൽ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം പാർട്ടിയിലെ അഭിപ്രായഭിന്നത മാധ്യമങ്ങളിലൂടെ തുറന്നു പറയാനും തുറന്നെഴുതാനും നേതാക്കൾ തയാറാവുന്നു..
തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ജനറൽ സെക്രട്ടറി എം.എ ബേബിയുടെ വിമർശനത്തെ പിണറായി വിജയനും എം.വി.ഗോവിന്ദനും ആദ്യം തള്ളിപ്പറഞ്ഞു,. വിഴിഞ്ഞം ഓഹരിക്കൈമാറ്റ പ്രശ്നത്തിൽ പിണറായി വിജയനും ,എം.വി.ഗോവിന്ദനും സർക്കാരിനെ കടന്നാക്രമിക്കുമ്പോഴാണ്, അതിനെതിരെ മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ പരസ്യ നിലപാട്.പാർട്ടി പത്രത്തിലെ ലേഖനത്തിലൂടെ ഇ.പി.ജയരാജന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇതിന് പരോക്ഷ മറുപടി നൽകി. വിഴിഞ്ഞത്ത് കടൽകൊള്ളയാണ് നടന്നതെന്ന് ലേഖനത്തിൽ പറയുന്നു.
ദിവ്യ എസ്.അയ്യരെ വിഴിഞ്ഞം തുറമുഖ പദ്ധതി എം.ഡി സ്ഥാനത്തു നിന്നും മാറ്റിയത് അഴിമതി നടത്താനാണെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വിമർശനത്തെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജയും പി.കെ.ശ്രീമതിയും തള്ളിപ്പറഞ്ഞത് ഒടുവിലത്തെ സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |