
തിരൂർ: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശൗചാലയത്തിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശി പിടിയിൽ. ബർബോറോണ സ്വദേശി പങ്കജ് ദോളായിയെയാണ് (23) ആർ.പി.എഫ് പിടികൂടിയത്. ഔട്ട്‌പോസ്റ്റിൽ വച്ചുണ്ടായ പ്രതിയുടെ ആക്രമണത്തിൽ ആർ.പി.എഫ് എ.എസ്.ഐ ശശിക്ക് പരിക്കേറ്റു. കോയമ്പത്തൂർ - മംഗലാപുരം ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെ ഷൊർണ്ണൂർ-പട്ടാമ്പി സ്റ്റേഷനുകൾക്കിടയിലെത്തിയപ്പോഴായിരുന്നു പീഡനശ്രമം. ബാത്‌റൂമിനടുത്ത് നിന്നിരുന്ന പ്രതി ഇവിടേക്കെത്തിയ യുവതിയെ കൈപിടിച്ച് വലിച്ച് ബാത്‌റൂമിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയെ രണ്ട് യാത്രക്കാർ ചേർന്ന് രക്ഷപ്പെടുത്തുകയും പ്രതിയെ പിടിച്ചുവച്ച് തിരൂർ റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ട്രെയിൻ തിരൂരിലെത്തിയപ്പോൾ ആർ.പി.എഫ് പ്രതിയെ ഔട്ട് പോസ്റ്റിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് അക്രമാസക്തനായ പ്രതി എ.എസ്.ഐയെ കൈയേറ്റം ചെയ്യുകയും ലാത്തി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തിരൂർ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ യുവതി പരാതി നൽകിയിട്ടില്ല. എ.എസ്.ഐയുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. പരിക്കേറ്റ എ.എസ്.ഐ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |