
തിരുവനന്തപുരം: കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യ പ്രസിഡന്റ് എ.ബാലകൃഷ്ണൻ(88) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ 12.5ന് നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11ന് കന്യാകുമാരിയിൽ നടക്കും.
1937 മേയ് 3ന് തൃശൂർ പഴയന്നൂരിലെ വെങ്ങാനെല്ലൂരിൽ ജനിച്ച ബാലകൃഷ്ണൻ, 1957ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്നു. 16 വർഷത്തോളം വിവിധ അതിർത്തി മേഖലകളിൽ സേവനമനുഷ്ഠിച്ചു. 1973ൽ ഉദ്യോഗം ഉപേക്ഷിച്ചു. ആർ.എസ്.എസ് പ്രചാരകനായിരുന്ന ഏകനാഥ് റാനഡേയുടെ ആഹ്വാനം സ്വീകരിച്ച് വിവേകാനന്ദ കേന്ദ്രത്തിന്റെ ആദ്യ ബാച്ചിലെ 'ജീവൻവ്രതി" യായി. വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അരുണാചൽ പ്രദേശിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വനവാസി മേഖലകളിൽ വീടുവീടാന്തരം
സഞ്ചരിച്ച് കുട്ടികളെ കണ്ടെത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു.
1981ൽ വിവേകാനന്ദ കേന്ദ്രത്തിന്റെ ജനറൽ സെക്രട്ടറിയായി. 2020ൽ പ്രസിഡന്റായി. പി.പരമേശ്വരനു ശേഷമാണ് ബാലകൃഷ്ണൻ വിവേകാനന്ദ കേന്ദ്രത്തിന്റെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. അവിവാഹിതനാണ്.
വടക്കുകിഴക്കൻ മേഖലയുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാടുകളെ രാജ്യത്തുടനീളം പ്രചരിപ്പിക്കാൻ എ.ബാലകൃഷ്ണൻ നിരന്തര പരിശ്രമം നടത്തിയതായി ആഭ്യന്തരമന്ത്രി അമിത്ഷാ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |