SignIn
Kerala Kaumudi Online
Monday, 25 May 2026 1.44 PM IST

നിതിനെ ഓൺലൈൻ വായ്‌പാ സംഘം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് കുടുംബം

nithin

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തിന് ഓൺലൈൻ വായ്‌പാ സംഘത്തിന്റെ ഭീഷണിയും കാരണമായെന്ന സംശയത്തിൽ പൊലീസ്. അദ്ധ്യാപകരുടെ ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്‌പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളും പൊലീസ് കണ്ടെത്തി. എന്നാൽ, അന്വേഷണം ലോൺ ആപ്പിലേക്ക് നീങ്ങുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായെന്നാണ് കുടുംബത്തിന്റെ ആരോപണം.

അടിയന്തരമായി 8000 രൂപ അടയ്‌ക്കണമെന്ന് ലോൺ മാഫിയ സംഘം നിതിന് സന്ദേശം അയച്ചിരുന്നു. താൻ പാവമാണെന്നാണ് നിതിൻ ഇതിന് മറുപടി നൽകിയത്. ഓൺലൈൻ വായ്‌പാ സംഘം നിതിന്റെ അദ്ധ്യാപികയ്‌ക്കും ഭീഷണി സന്ദേശം അയച്ചെന്ന് പൊലീസ് പറഞ്ഞു. ലോൺ ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ അദ്ധ്യാപിക പ്രിൻസിപ്പലിന് പരാതിയും നൽകി. നിതിൻ ആത്മഹത്യ ചെയ്‌ത ദിവസം പ്രിൻസിപ്പൽ നിതിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

എന്നാൽ, അമ്മയുടെ ചികിത്സയ്‌ക്കും പഠനാവശ്യങ്ങൾക്കും വേണ്ടിയാണ് ലോൺ ആപ്പിൽ നിന്ന് മകൻ പണമെടുത്തതെന്നാണ് നിതിന്റെ അച്ഛൻ പറഞ്ഞത്. ലോൺ മാഫിയയുടെ ഭീഷണിയെക്കുറിച്ച് കോളേജ് അധികൃതർ കുടുംബത്തെ അറിയിച്ചില്ലെന്നും നിതിന്റെ അച്ഛൻ പറഞ്ഞു.

അതേസമയം, നിതിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ഡെന്റൽ കോളേജിന്റെ മുന്നിൽ പ്രതിഷേധിച്ചു. ആരോപണവിധേയരായ അദ്ധ്യാപകരെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നതിന്റെ പേരിലാണ് എംഎസ്‌എഫിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും പ്രതിഷേധം. രാവിലെ കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ തള്ളിക്കയറി. ഇവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്‌ത് നീക്കി.

പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വലിയ സംഘർഷമുണ്ടായി. സമരത്തിനെത്തിയ ഒരു വനിതാ പ്രവർത്തകയെ പൊലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയും കയ്യിലും കാലിലും പിടിച്ചു തൂക്കി വാനിലേക്ക് കയറ്റുകയും ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കി. 'നാണംകെട്ട പൊലീസേ' എന്ന് വിളിച്ചുകൊണ്ടായിരുന്നു കെഎസ്‌യു പ്രവർത്തകർ പൊലീസിനെതിരെ ആഞ്ഞടിച്ചത്. പൊലീസ് പല അദ്ധ്യാപകർക്കും വേണ്ടിയാണ് വിദ്യാർത്ഥികളോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NITHIN DEATH, INVESTIGATION, ONLINE LOAN APP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA