
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ 17 മുതൽ 22 വരെ എല്ലാ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ബംഗളുരു, ചെന്നൈ,ഷാർജ, ബഹറിൻ,കുവൈറ്റ് എന്നിവിടങ്ങളിലുമായി ആകെ 152 കേന്ദ്രങ്ങളിൽ നടത്തും. എൻജിനിയറിംഗ് എൻട്രൻസിന് 1,08,409 വിദ്യാർത്ഥികളും ഫാർമസി പരീക്ഷയ്ക്ക് 39,737 പേരും അപേക്ഷിച്ചിട്ടുണ്ട്.
എൻജിനിയറിംഗ് പരീക്ഷ 17 മുതൽ 22 വരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയാണ്. ഫാർമസി പരീക്ഷ 18 മുതൽ 20 വരെ രാവിലെ 10 മുതൽ 11.30 വരെയാണ്. എൻജിനിയറിംഗ്, ഫാർമസി പരീക്ഷ തുടങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡിനൊപ്പം ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐ.ഡി, ആധാർ കാർഡ്/ഇ-ആധാർ, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവി/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി കരുതണം. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. കേരളത്തിലെ സർക്കാർ/കോസ്റ്റ് ഷെയറിംഗ്/സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്, ഫാർമസി കോളേജുകളിലേക്കുള്ള പ്രവേശനം കീം 2026 റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ്.
സംസ്കൃത സർവകലാശാലയിൽ എം. എസ്. ഡബ്ല്യു പ്രവേശനം
തിരുവനന്തപുരം: സംസ്കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും കാലടി, തിരൂർ, പയ്യന്നൂർ പ്രാദേശിക ക്യാമ്പസുകളിലും മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് (എം. എസ്. ഡബ്ല്യു) പ്രവേശനത്തിന് അപേക്ഷിക്കാം. വാർഷിക ട്യൂഷൻ ഫീസ് 7500 രൂപയാണ്. സ്കോളർഷിപ്പും ലഭ്യമാണ്. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10% വെയ്റ്റേജ് ലഭിക്കും. എസ്. സി., എസ്. ടി., ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 5% മാർക്കിളവ് ഉണ്ടായിരിക്കും. മേയ് നാല് മുതൽ പ്രവേശന പരീക്ഷകൾ ആരംഭിക്കും. മേയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മേയ് 21ന് പ്രവേശന നടപടികൾ തുടങ്ങും. ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ssus.ac.in. ഫോൺ: 0484-2699731.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |