
ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ പ്രതിന്ധിയെ തുടർന്ന് ആഭ്യന്തര വിമാന നിരക്ക് വർദ്ധന തടയാൻ ഇറക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു.അതിനാൽ ഇന്നുമുതൽ വിമാന കമ്പനികൾക്ക് സ്വന്തം നിലയിൽ നിരക്ക് വർദ്ധിപ്പിക്കാമെന്നായി.ഇതേതുടർന്ന് തിരക്കേറിയ റൂട്ടുകളിലും ഉത്സവ സീസണുകളിലും നിരക്ക് കുത്തനെ വർദ്ധിക്കുമെന്ന് ഉറപ്പാണ്.
500 കി.മീ വരെ 7,500 രൂപ, 500-1000 കി.മീ വരെ 12,000 രൂപ, 1000-1500 കി.മീ വരെ 15,000 രൂപ, 1500 കി.മീ വരെ 18,000 രൂപ എന്നിങ്ങനെയായിരുന്നു വില നിയന്ത്രണം.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാനങ്ങളുടെ ഇന്ധന വില വർദ്ധനവും സർവീസ് പുന:ക്രമീകരണങ്ങളും സൃഷ്‌ടിച്ച അധിക ചെലവ് നേരിടാനാണ് നിയന്ത്രണം ഒഴിവാക്കിയത്.അതേസമയം അമിതമായി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കരുതെന്നും ഡി.ജി.സി.എ സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ വിമാനക്കമ്പനികൾ ആഭ്യന്തര-അന്താരാഷ്‌ട്ര റൂട്ടുകളിൽ സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്.വിമാന ഇന്ധന വിലയിൽ നികുതി ഇളവ് നൽകണമെന്ന വ്യോമയാന കമ്പനികളുടെ ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല.പകരം ടിക്കറ്റ് നിരക്ക് നിശ്ചിക്കാനുള്ള നിയന്ത്രണം ഒഴിവാക്കുകയാണ് ചെയ്തത്.
വിമാനം തുടർച്ചയായി റദ്ദാക്കി; ഉംറ തീർത്ഥാടകർ കരിപ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തുടർച്ചയായി റദ്ദാക്കിയത് ഉംറ തീർത്ഥാടകരെ ദുരിതത്തിലാക്കി. ശനിയാഴ്ച രാത്രി 7:55ന് പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കാസർകോട്, മലപ്പുറം സ്വദേശികളായ 33 ഉംറ തീർത്ഥാടകരാണ് ഈ വിമാനത്തിൽ യാത്ര തിരിക്കാനായി എത്തിയിരുന്നത്. പകരം ഞായറാഴ്ച രാവിലെ 7:15നുള്ള വിമാനത്തിൽ യാത്രാസൗകര്യമൊരുക്കാമെന്ന് കമ്പനി അറിയിച്ചതിനെ തുടർന്ന് തീർത്ഥാടകർ പുലർച്ചെ മൂന്നോടെ വീണ്ടും വിമാനത്താവളത്തിലെത്തി. എന്നാൽ ഈ വിമാനവും റദ്ദാക്കിയതായി അധികൃതർ യാത്രക്കാരെ അറിയിച്ചു. എന്നാൽഅതേ വിമാനം നിശ്ചയിച്ച സമയത്ത് ജിദ്ദയിലേക്ക് സർവീസ് നടത്തിയതോടെ തങ്ങളെ മനഃപൂർവ്വം ഒഴിവാക്കിയതാണെന്നാരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു.തുടർന്ന് തിങ്കളാഴ്ച രാവിലത്തെ വിമാനത്തിൽ തീർത്ഥാടകർക്ക് യാത്രാസൗകര്യം ഉറപ്പാക്കാമെന്ന് കമ്പനി അറിയിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |