SignIn
Kerala Kaumudi Online
Thursday, 30 July 2026 4.35 AM IST

ഗുരുവായൂർ 'കോടതി വിളക്ക്': പേരു മാറ്റം പരിഗണിക്കണം

1

കൊച്ചി: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന 'കോടതി വിളക്കി'ന്റെ പേര് മാറ്റം പരിഗണിക്കണമെന്ന് ഹൈക്കോടതി. കോടതികൾ മതേതര സ്ഥാപനങ്ങളാണെന്നും മതപരമായ ചടങ്ങുമായി ചേർക്കുന്നത് ശരിയല്ലെന്നും നിരീക്ഷിച്ചാണ് ഉത്തരവ്. ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി മൂന്ന് മാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. ചാവക്കാട് കോടതിയിലെ അഭിഭാഷകർ നടത്തി വരുന്നതാണ് കോടതി വിളക്ക്. ഈ പേര്, കോടതികൾക്ക് ചടങ്ങുമായി ബന്ധമുണ്ടെന്ന തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗുരുബാബ ആശ്രമം അഡ്മിനിസ്ട്രേറ്റർ രാജേശ്വരി നൽകിയ പരാതിയിൽ സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണ് ഇടപെടൽ. ഹൈക്കോടതി നിരോധിച്ചിട്ടും ഇത്തരം ചടങ്ങ് തുടരുകയാണെന്നും, ഇത് ഏകാദശി വ്രതത്തിന്റെ പ്രാധാന്യം കുറയ്‌ക്കുമെന്നുമായിരുന്നു രാജേശ്വരിയുടെ പരാതി. നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിളക്ക് കമ്മിറ്റി ചൂണ്ടിക്കാട്ടി. തൃശൂർ ജില്ലയിലെ ജുഡിഷ്യൽ ഓഫീസർമാർ പരിപാടിയുടെ സംഘാടനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന മെമ്മോയാണ് നൽകിയതെന്ന് കോടതിയും വ്യക്തമാക്കി. ചടങ്ങ് നിരോധിക്കുന്നതിന് ന്യായീകരണമില്ലെന്ന് ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. അനുയോജ്യമായ മറ്റൊരു പേര് സ്വീകരിക്കണം.

കോടതി വിളക്ക്

ഗുരുവായൂരിലെ ചെലവേറിയ ചുറ്റുവിളക്കിനും ഉദയാസ്തമന പൂജയ്‌ക്കും ധനസഹായം തേടി ദേവസ്വം മുമ്പ് പല പ്രസ്ഥാനങ്ങളെയും സമീപിച്ചു. അങ്ങനെയാണ് കോടതി വിളക്ക്, പോസ്റ്റൽ വിളക്ക്, എസ്.ബി.ഐ വിളക്ക് തുടങ്ങിയ ചടങ്ങുകളുണ്ടായത്. മജിസ്‌ട്രേട്ട് വിളക്ക്, മുൻസിഫ് വിളക്ക് എന്നിങ്ങനെ അറിയപ്പെട്ടിരുന്നവ കോടതി വിളക്കായി മാറി. മജിസ്‌ട്രേട്ട് വിളക്ക് പിന്നീട് പൊലീസ് വിളക്കാക്കി. അഭിഭാഷകരുടെ സൊസൈറ്റിയാണ് കോടതി വിളക്ക് നടത്തുന്നത്. ഇതിനായി ചാവക്കാട് മുൻസിഫിന്റെ പേരിൽ ദേവസ്വത്തിൽ സ്ഥിര നിക്ഷേപവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA