SignIn
Kerala Kaumudi Online
Friday, 28 August 2026 1.16 AM IST

എം.ബി.ബി.എസ് ഫീസ് സ്റ്റേ: അപ്പീലുമായി സർക്കാർ ഹൈക്കോടതിയിലേക്ക്

a

തിരുവനന്തപുരം: എം.ബി.ബി.എസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ സർക്കാർ ഉടൻ അപ്പീൽ നൽകും. ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശപ്രകാരം ജൂലായിലിറക്കിയ ഉത്തരവാണ് സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തത്. ‌ഡിവിഷൻ ബഞ്ചിലാവും അപ്പീൽ നൽകുക. ഓഗസ്റ്റ് ഏഴിന് സ്റ്റേ വന്നിട്ടും അപ്പീൽ വൈകുന്നത് സ്വാശ്രയ കോളേജ് മാനേജ്മെന്റുകളെ സഹായിക്കാനെന്ന ആക്ഷേപം ഉയർന്നിരുന്നു.

സ്റ്റേ വന്നതോടെ മുഴുവൻ ഫീസും അടയ്ക്കാൻ മാനേജ്മെന്റുകൾ വിദ്യാർത്ഥികളെ നിർബന്ധിക്കുകയാണ്. 2022 ബാച്ചിൽ പ്രവേശനം നേടിയവർ അവസാന ഘട്ട ഫീസ് അടയ്ക്കേണ്ട സമയമാണ്. ഇക്കൊല്ലത്തെ ഫീസ് ഓഗസ്റ്റ് 31നകം അടച്ചില്ലെങ്കിൽ ഫൈൻ അടക്കം നൽകേണ്ടി വരും. നാലര മുതൽ പത്ത് ലക്ഷം രൂപ വരെയാണ് വിദ്യാർത്ഥികൾ ഫീസ് ഇനത്തിൽ അധികം നൽകേണ്ടത്. എം.ബി.ബി.എസ് കോഴ്സിൽ നാലര വർഷത്തെ ഫീസ് മാത്രം ഈടാക്കിയാൽ മതിയെന്ന് ആരോഗ്യവകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു. നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്നും അധികം വാങ്ങിയ അര വർഷത്തെ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ദേശീയ മെഡിക്കൽ കമ്മിഷൻ നിർദ്ദേശിച്ചിരുന്നു.

ഇനി പ്രവേശനം നേടുന്നവർക്കും ഇത് ബാധകമായിരിക്കുമെന്നായിരുന്നു സർക്കാർ ഉത്തരവിൽ. ഫീ റഗുലേറ്ററി കമ്മിറ്റി ഫീസ് പുതുക്കി നിശ്ചയിക്കാനും തീരുമാനിച്ചിരുന്നു. നാലര വർഷത്തെ (54 മാസം) അക്കാഡമിക് പഠനവും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് എം.ബി.ബി.എസിനുള്ളത്. പഠന കാലയളവിലേക്ക് മാത്രം ഫീസ് വാങ്ങാനേ അനുവദിക്കൂ എന്നാണ് കമ്മിഷന്റെ നിലപാട്. നിലവിലെ വിദ്യാർത്ഥികൾ അവസാന വർഷത്തെ ഫീസിന്റെ പകുതി നൽകിയാൽ മതിയാവുമെന്നാണ് സർക്കാർ ഉത്തരവിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA