SignIn
Kerala Kaumudi Online
Saturday, 29 August 2026 2.21 AM IST

ഹലാൽ ഫായിദ പുനരുജ്ജീവന നീക്കം ഓഹരി ഉടമകളുടെ യോഗം അടുത്ത മാസം

halal

കണ്ണൂർ: അടച്ചുപൂട്ടിയ ഇസ്ലാമിക് ബാങ്ക് ഹലാൽ ഫായിദ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ വീണ്ടും സജീവമാക്കാൻ സി.പി.എം നീക്കം. നിക്ഷേപ തട്ടിപ്പ് ആരോപണങ്ങൾ ശക്തമായി തുടരുന്നതിനിടെ സ്ഥാപനത്തിന്റെ വിശേഷാൽ പൊതുയോഗം സെപ്തംബർ 20ന് വിളിച്ചുചേർക്കും. ആരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുമാണ് സമിതി അംഗങ്ങളുടെ അവകാശവാദം. 2017 ആഗസ്റ്റ് 25ന് രജിസ്റ്റർ ചെയ്ത സൊസൈറ്റി നവംബർ 13നാണ് പ്രവർത്തനം തുടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. അംഗങ്ങളിൽ നിന്ന് 6,913 ഓഹരികളിലായി 17,28,250 രൂപ ശേഖരിക്കുകയും ഇതിൽ 6,65,338 രൂപ ഓഫീസ്, ഫർണിച്ചർ, കംപ്യൂട്ടർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തു. 2017 മുതൽ 2020 വരെ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റുകളിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സമിതി അവകാശപ്പെടുന്നത്. മൂന്ന് വർഷത്തിനുശേഷം ഓഹരി തുക പിൻവലിക്കാമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം രേഖാമൂലം ആവശ്യപ്പെട്ടവർക്ക് പണം തിരികെ നൽകി. കൊവിഡും പ്രളയവും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. 2025 മാർച്ച് ആറിന് അധികാരമേറ്റ പുതിയ ഭരണസമിതി സ്ഥാപനത്തെ മെച്ചപ്പെടുത്താനുള്ള ഭാഗമായാണ് പൊതുയോഗം വിളിച്ചിരിക്കുന്നത്. അതേസമയം കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ എം.പി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA