
വെള്ളാപ്പള്ളിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡിൽ നിന്ന് അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഉൾപ്പെടെ നൽകിയ അപ്പീലിൽ, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തത്‌സ്ഥിതി തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
താത്കാലിക ഡയറക്ടർമാരെ സർക്കാർ നാമനിർദ്ദേശം ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശവും അതുവരെ നടപ്പാക്കാനാകില്ല. അപ്പീലുകളും അനുബന്ധ ഹർജികളും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച ഒരുമിച്ച് പരിഗണിക്കും. അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപ്പീൽ ഹർജിക്കാരുടെ ആവശ്യം ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല.അപ്പീൽ പരിഗണനയിലിരിക്കെ പുതിയ ഡയറക്ടർമാരെ നാമനിർദ്ദേശം ചെയ്യുന്നതിൽ നിന്ന് സർക്കാരിനെ വിലക്കണമെന്ന് വെള്ളാപ്പള്ളിയടക്കം വാദിച്ചു. പുതിയ ഡയറക്ടർമാരെ വയ്‌ക്കാൻ നടപടിയെടുത്തിട്ടില്ലെന്ന് സർക്കാർ മറുപടിനൽകി.
യോഗം ഭരണസമിതി തുടർച്ചയായ വർഷങ്ങളിൽ വരവുചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നും ഡയറക്ടർമാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡി.ഐ.എൻ നമ്പറില്ലെന്നതുമടക്കം ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് അയോഗ്യത കൽപ്പിച്ചത്. പ്രൊഫ. എം.കെ. സാനു ഉൾപ്പെടെ നൽകിയ ഹർജികളിലായിരുന്നു ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |