
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ സിൻഡിക്കേറ്റ് യോഗം ചേരുന്നതിനെ ഇടത് അംഗങ്ങൾ എതിർത്തതോടെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗം പിരിഞ്ഞു.വി.സി ഡോ.മോഹനൻ കുന്നുമ്മേലും 14അംഗങ്ങളും യോഗത്തിനെത്തിയിരുന്നു. കമ്മിഷന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ യോഗം നടത്താനാവില്ലെന്ന് ജി.മുരളീധരൻ പിള്ള പറഞ്ഞു. ബി.ജെ.പിയുടെ അംഗങ്ങളായ ഡോ.വിനോദ്കുമാർ ടി.ജി നായരും പി.എസ് ഗോപകുമാറും യോഗം ചേരണമെന്നും വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഭൂരിപക്ഷം യോഗം ചേരുന്നതിനെ എതിർത്തതിനാൽ വി.സി യോഗം പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ച ശേഷം യോഗം ചേരാനാണ് തീരുമാനം. സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ല. ഇടത് അംഗങ്ങൾ ഹാജർ രേഖപ്പെടുത്താത്തതിനാൽ കഴിഞ്ഞ മാസത്തെ യോഗവും ക്വാറം തികയാതെ പിരിഞ്ഞിരുന്നു. വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന തീരുമാനമെടുക്കുന്നതിൽ ചട്ടലംഘനമില്ലെന്ന കമ്മിഷന്റെ വാക്കാലുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. ഗവേഷണ വിദ്യാർത്ഥികളുടേതടക്കം നൂറോളം അജൻഡകളുണ്ടായിരുന്നു. ഇടത്- ബി.ജെ.പി അംഗങ്ങൾ തമ്മിൽ വാക്പോരുമുണ്ടായി. ശാസ്ത്രജ്ഞനായ ബി.ജെ.പി അംഗത്തിന്റെ ബിരുദത്തിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സി.പി.എം സിൻഡിക്കേറ്റ് അംഗം കോളേജ് മാനേജരിൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങിയതായി ബി.ജെ.പി തിരിച്ചടിച്ചു. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ രജിസ്ട്രാർ ഇൻ ചാർജ് ആർ.രശ്മിയെ സസ്പെൻഡ് ചെയ്യണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനെ ബി.ജെ.പി അംഗങ്ങൾ എതിർത്തു. പെരുമാറ്റച്ചട്ടമുള്ളതിനാൽ തീരുമാനങ്ങളെടുക്കാനാവില്ലെന്ന് വി.സി അറിയിച്ചു. അതിനിടെ, അഫിലിയേഷനുമായി ബന്ധപ്പെട്ട് 3വർഷത്തെ നടപടികളെക്കുറിച്ച് അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |