SignIn
Kerala Kaumudi Online
Monday, 04 May 2026 4.55 PM IST

വിടപറഞ്ഞത് നിയുസാറ്റിന്റെ പ്രണേതാവ് ബഹിരാകാശ ശാസ്ത്രത്തെ കലാലയങ്ങളിലേക്ക് ആനയിച്ചു

Increase Font Size Decrease Font Size Print Page
niusat

തിരുവനന്തപുരം: മുൻ ശാസ്ത്രജ്ഞൻ എം.കെ.അബ്ദുൽ മജീദ് വിടപറഞ്ഞതോടെ നഷ്ടമാകുന്നത് ബഹിരാകാശ ശാസ്ത്രത്തെ പുതുതലമുറയുടെ കൈകളിലേക്ക് എത്തിച്ച ജനകീയ ശാസ്ത്രജ്ഞനെയാണ്. ക്യാമ്പസുകളിൽ അന്യമായിരുന്ന ബഹിരാകാശശാസ്ത്രം വിദ്യാർത്ഥികൾക്ക് ഭാവി പടുത്തുയർത്താൻ സുവർണ്ണാവസരം നൽകുന്ന മേഖലയാണെന്ന് നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു. അബ്ദുൽ മജീദാണ് രാജ്യത്തെ ആദ്യ വിദ്യാർത്ഥി ഉപഗ്രഹമായ നിയുസാറ്റ് നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. വിദ്യാലയങ്ങളിലും എൻജിനിയറിംഗ് കോളേജുകളിലും ശാസ്ത്രസദസ്സുകളിൽ സുപരിചിതനായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശം മാനിച്ചാണ് 2007ൽ ഉപഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കാൻ നൂറുൽ ഇസ്ളാം വിദ്യാഭ്യാസ ഗ്രൂപ്പ് തീരുമാനിക്കുന്നത്. ഡോ.എ.ഇ.മുത്തുനായകത്തിന്റെ സഹായത്തോടെ ഉപഗ്രഹ നിർമ്മാണവും വിക്ഷേപണവും വിജയകരമാക്കി. പരീക്ഷണ വിക്ഷേപണത്തെക്കാൾ അത് ജനങ്ങൾക്ക് പ്രയോജനകരവും അതിലൂടെ വിദ്യാർത്ഥികൾക്ക് സാമൂഹ്യ,ശാസ്ത്രീയ ഉൾക്കാൾച്ചയും നൽകുന്നതായിരിക്കണമെന്നത് അബ്ദുൽ മജീദിന്റെ കാഴ്ചപ്പാടായിരുന്നു. ദീർഘകാലം എ.പി.ജെ.അബ്ദുൽ കലാമിന്റെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു. അതിലൂടെ കിട്ടിയതാണ് പുതുതലമുറയെ ശാസ്ത്രവഴിയെ നയിക്കാനുള്ള പ്രചോദനം.അവസാനകാലം വരെ അദ്ദേഹം അത് ഒരു സപര്യപോലെ കൊണ്ടുനടന്നു.

ഐ.എസ്.ആർ.ഒയുടെ സഹായത്തോടെ ന്യൂസാറ്റ് എന്ന സ്വന്തം ഉപഗ്രഹം വിക്ഷേപിച്ച ആദ്യത്തെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ സ്ഥാപനത്തിന് കീഴിൽ കുമാരകോവിലിൽ സ്ഥിതി ചെയ്യുന്ന ഡീംഡ് യൂണിവേഴ്സിറ്റിയായ നൂറുൽ ഇസ്ളാം യൂണിവേഴ്സിറ്റി . 5 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ 50 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 2017 ജൂൺ 23ന് പി.എസ്.എൽ.വി. സി.38 വഴിയാണ് വിക്ഷേപിച്ചത്.

ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ.എ.ഇ.മുത്തുനായകമായിരുന്നു പ്രോജക്ടിന് മേൽനോട്ടം വഹിച്ചത്. അതിന്റെ മുഖ്യഉപദേശകനായിരുന്നു എം.കെ.അബ്ദുൽ മജീദ്.

ഇപ്പോഴും വലംവയ്ക്കുന്നു

കാർഷിക ആവശ്യങ്ങൾക്കും ഉന്നത വിദ്യാഭ്യാസ ഗവേഷണങ്ങൾക്കുമായാണ് ന്യൂസാറ്റ് ഉപയോഗിക്കുന്നത് .കൃഷി, ബഹിരാകാശ ഗവേഷണം എന്നിവയ്ക്കുള്ള ദൃശ്യങ്ങൾ പകർത്തി നൽകുന്നു. 30 മീറ്റർ റെസല്യൂഷനോടെ 60ചതുരശ്ര കിലോമീറ്റർ മാപ്പ് ചെയ്യാൻ ഈ നാനോ ഉപഗ്രഹത്തിന് കഴിയും. 2007ലാണ് പദ്ധതി വിഭാവനം ചെയ്തത്. ഉപഗ്രഹം ഇപ്പോഴും ഭൂമിയെ ചുറ്റുന്നുണ്ട്. നൂറുൽ ഇസ്ളാം യൂണിവേഴ്സിറ്റിക്ക് പുറമെ കേരളത്തിലെ എം.ഇ.എസ്. കോളേജുകളിലും അബ്ദുൽ മജീദ് സജീവമായിരുന്നു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.