
കുമളി: പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലുള്ള മംഗളാദേവി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞിറങ്ങിയ 11 പേർക്ക് ഇടിമിന്നലേറ്റു. ചിത്ര പൗർണമി ഉത്സവത്തിനെത്തിയ ഒരു പൊലീസുകാരൻ ഉൾപ്പെടെയുള്ളവർക്കാണ് മിന്നലേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. മംഗളാദേവിയിലേക്കുള്ള കാനനപാതയിൽ ഒമ്പതാം വളവിലാണ് ഇടിമിന്നലുണ്ടായത്. കനത്തമഴയ്ക്കൊപ്പമുണ്ടായ മിന്നലേറ്റ് പലരും നിലത്തുവീണു. കൈയ്ക്ക് സാരമായി പരിക്കേറ്റ ജില്ലാ ആസ്ഥാനത്തെ സി.പി.ഒ കൊല്ലം സ്വദേശി അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലും തമിഴ് നാട് ദിണ്ഡിക്കൽ സ്വദേശിനി ഉഷാറാണിയെ തേനി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ഏറ്റുമാനൂർ സ്വദേശിനി അശ്വതിക്കും കൈയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ വിഷ്ണു, ധനലക്ഷ്മി, തൃശൂർ സ്വദേശിനി രമ്യ, കട്ടപ്പന സ്വദേശികളായ ഗിരീഷ്, ശ്രീലക്ഷ്മി, തമിഴ്നാട് സ്വദേശികളായ ലോകമണി, കാളിയമ്മാൾ എന്നിവർക്കും മിന്നലിൽ നിസാര പരിക്കേറ്റു. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിട്ടയച്ചു. കേരള- തമിഴ്നാട് സർക്കാരുകൾ സംയുക്തമായി ഉത്സവം നടത്തുന്ന ഏക ക്ഷേത്രമാണിത്. വർഷത്തിലൊരിക്കൽ മാത്രമാണ് ഇവിടെ പ്രവേശനമുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |