
കൊച്ചി: കൊവിഡ് കാലത്ത് ഓൺലൈനിൽ പഠനം തുടർന്ന വിദേശ എം.ബി.ബി.എസ് വിദ്യാർത്ഥികൾ അതതു സ്ഥാപനത്തിൽ തിരിച്ചെത്തി നേരിട്ട് ക്ളാസ് പഠനം (ക്ലിനിക്കൽ ക്ളർക്ക്ഷിപ്പ് ) പൂർത്തിയാക്കണമെന്ന വ്യവസ്ഥ നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി ) പിൻവലിച്ചത് നൂറുകണക്കിനു കുട്ടികൾക്ക് ആശ്വാസമാകും.
പഠിച്ച സർവകലാശാലയുടെ കോമ്പൻസേറ്ററി സർട്ടിഫിക്കറ്റ് ഹാജരാക്കി ഇന്ത്യയിൽ തന്നെ ഇവർക്ക് ക്ളിനിക്കൽ ഇന്റേൺഷിപ്പ് നടത്താം. അതിനു ശേഷം ഹൗസ് സർജൻസിയും പൂർത്തിയാക്കാം.
രണ്ടു മുതൽ മൂന്നു വരെ വർഷം നാട്ടിൽ താമസിച്ച് ഓൺലൈൻ തിയറി ക്ളാസിലൂടെ പഠിച്ചവർക്ക് ആശ്വാസമേകുന്നതാണ് ഉത്തരവെന്ന് ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്‌സ് പേരന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ക്ളിനിക്കൽ ഇന്റേൺഷിപ്പ് സംബന്ധിച്ച തീരുമാനമെടുക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിൽ (എസ്.എം.സി), ഡയറക്‌ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ (ഡി.എം.ഇ) എന്നിവയ്‌ക്ക് എൻ.എം.സി അധികാരം നൽകി. കോമ്പൻസേറ്ററി സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, വിസ എന്നിവ പരിശോധിച്ച് അർഹത ഉറപ്പാക്കണം.
ഇതു സംബന്ധിച്ച് പൊതുനിർദ്ദേശം നൽകാതെ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് അധികാരം നൽകുന്നതിൽ ആശങ്കയുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. വിഷയത്തിൽ വ്യത്യസ്‌ത സമീപനം സംസ്ഥാന കൗൺസിലുകൾ സ്വീകരിച്ചത് വിദ്യാർത്ഥികൾക്ക് മുമ്പ് വിഷമതകൾ സൃഷ്‌ടിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |