
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ കിഴിശ്ശേരി മുണ്ടം പറമ്പ് ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത സെക്രട്ടറി ടി.വി.അനുപമയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടായ സാഹചര്യത്തിലാണ് അന്വേഷണം. വാഹനത്തിലെ അനധികൃത മാറ്റങ്ങളും സുരക്ഷാവീഴ്ചകളുമാണ് ഫിറ്റ്നസ് നിഷേധിക്കാൻ കാരണമെന്നാണ് ഗതാഗതകമ്മിഷണറുടെ പ്രാഥമിക റിപ്പോർട്ടിലുളളത്. മാറ്റങ്ങൾ നീക്കി വീണ്ടും പരിശോധനയ്ക്ക് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നേരിട്ട് സമീപിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ നിരസിച്ചതെന്നാണ് ഷൗക്കത്തിന്റെ ബന്ധുക്കളുടെ ആരോപണം. ഏജന്റുമാർ മുഖേന ഫിറ്റ്നസിന് അപേക്ഷിച്ചപ്പോൾ ഇതേ ഓട്ടോറിക്ഷയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവെന്നും പറയുന്നു. 2021ലാണ് ഷൗക്കത്ത് ഓട്ടോറിക്ഷ വാങ്ങിയത്. അന്ന് വാഹനത്തിൽ സ്ഥാപിച്ച സ്റ്റീൽ റെയിലിംഗ് ഉൾപ്പെടെയുള്ള ഫിറ്റിംഗ്സുകൾ മാറ്റാതെയാണ് 2023ലും ഫിറ്റ്നസ് ലഭിച്ചത്. സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഗതാഗതസെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ വ്യക്തമാക്കിയിട്ടുണ്ട്. ഷൗക്കത്തിന്റെ ഫെയ്‌സ്ബുക്ക്കുറിപ്പും ദൃശ്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |