SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.37 PM IST

നിതിൻരാജിന്റെ ആത്മഹത്യ: ഡോ. റാം പിടിയിൽ,​ ആദ്യം റിമാൻഡ്, പിന്നെ ജാമ്യം,​ ഒടുവിൽ വീണ്ടും കസ്റ്റഡിയിൽ

READ ENGLISH VERSION
nithin-raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മൂന്നുമാസമായി ഒളിവിലായിരുന്ന ഡോ. റാമിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചെങ്കിലും മണിക്കൂറുകൾക്കകം കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. രാത്രി 10ഓടെ നോട്ടീസ് നൽകി വിട്ടയച്ചു. ഭാര്യയെയും സഹോദരിയെയും തള്ളിമാറ്റിയാണ് കസ്റ്റഡിയിലെടുത്തതെന്നും ക്രൈംബ്രാഞ്ചിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കിഷോർ കുമാർ പറഞ്ഞു.

ഇന്നലെ പുലർച്ചെയാണ് റാമിനെ കുടകിലെ പാരിപ്പള്ളിയിലെ ഒളിയിടത്തിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. റാം ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഒളിവിൽ താമസിക്കുന്നെന്ന വിവരത്തെത്തുടർന്ന് അവിടം കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. അതിനിടെ ബംഗളൂരുവിലെ ബന്ധുവിന്റെ ഫ്ളാറ്റിൽ എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അവിടെയും പരിശോധന നടത്തി. പിന്നീടാണ് കുടകിലേക്ക് കടന്നതായി വിവരം ലഭിച്ചത്. ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്.

ടി.ഡി.പി പ്രാദേശിക നേതാവായ സഹോദരനാണ് ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചത്. ഹൈക്കോടതിയും സുപ്രീംകോടതിയും ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് നേരത്തേ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

അതേസമയം, നിതിൻ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് റാം അന്വേഷണ സംഘത്തിന് നൽകിയ മൊഴി. വകുപ്പ് മേധാവി എന്ന നിലയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളെ ശാസിച്ചിട്ടുണ്ടെന്നും എന്നാൽ ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഏപ്രിൽ 10നാണ് തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് കോളേജ് കെട്ടിടത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കിയത്. അദ്ധ്യാപകരായ ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ നടത്തിയ ജാതി അധിക്ഷേപമാണ് മരണത്തിലേക്കു നയിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.


കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐ ശ്രീജിത്ത് കൊടേരിയാണ് റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.


താടി നീട്ടിവളർത്തി,
ഫോൺ ഉപേക്ഷിച്ചു

മൊബൈൽ ഫോൺ ഉപേക്ഷിച്ച്, താടിവളർത്തി രൂപം മാറിയായിരുന്നു ഡോ. റാമിന്റെ ഒളിവുജീവിതം. ബന്ധുവലയങ്ങളിൽ മാത്രമാണ് അഭയം തേടിയിരുന്നത്. അപായസൂചന കിട്ടിയാലുടൻ സ്ഥലം വിടും. മൂന്നുമാസത്തിനിടെ മൊബൈൽ ഫോൺ ഒരിക്കൽപ്പോലും ഉപയോഗിച്ചില്ലെന്നത് അന്വേഷണ സംഘത്തിനു വലിയ വെല്ലുവിളിയായി. റാമിന്റെ അമ്മയുൾപ്പെടെയുള്ളവരുടെ ടെലിഫോൺ രേഖകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുനീങ്ങിയത്. രണ്ടു സഹായികൾക്കൊപ്പമായിരുന്നു റാമിന്റെ ഒളിവു ജീവിതം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA