SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

ജി.സുകുമാരൻ നായർക്ക് എതിരെ ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും

nss

ന്യൂഡൽഹി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വിമ‌ർശിച്ച് ഉപ രാഷ്ട്രപതി സി.പി. രാധാകൃഷ്‌ണനും, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും . ഡൽഹി എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ നി‌ർമ്മിച്ച മന്നം സ്‌മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു വിമർശനം.മന്നത്ത് പത്മനാഭന്റെ പ്രതിമ ചടങ്ങിൽ അനാച്ഛാദനം ചെയ്‌തു.

'നിങ്ങളാണ് എല്ലാമെന്ന് വിചാരിക്കരുത്.നിങ്ങൾ ഇപ്പോൾ എല്ലാമായിരിക്കുന്നത് മന്നത്ത് പത്മനാഭന്റെ സംഭാവനകൾ കാരണമാണ്.. അദ്ദേഹത്തിന്റെ പാരമ്പര്യം തുടർന്നു കൊണ്ടു പോകുന്ന ഉപകരണം മാത്രമാണ് നമ്മൾ. ഞാൻ പ്രസിഡന്റാണ്,ജനറൽ സെക്രട്ടറിയാണെന്ന് പറഞ്ഞ്, മന്നം സമാധിയിലേക്ക് ഇന്നയാൾ വരരുതെന്ന് നിലപാടെടുക്കാനാകില്ല. മഹത്തായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് വലിയ സാമ്പത്തിക ശേഷി കൊണ്ടല്ല, പ്രതിബദ്ധത കൊണ്ടാണെന്ന് മന്നത്ത് പത്മനാഭൻ വിശ്വസിച്ചിരുന്നു- ഉദ്ഘാടന പ്രസംഗത്തിൽ ഉപ രാഷ്ട്രപതി പറഞ്ഞു.

പെരുന്ന ശുദ്ധീകരിക്കപ്പെടുമെന്ന് ചടങ്ങിനു ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കും.. അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടും. തിരഞ്ഞെടുപ്പിന് ശേഷം വലിയ ശുദ്ധി നടന്നു. പെരുന്നയ്‌ക്ക് ബദൽ കണ്ടെത്തണം. ഡൽഹിയിലെ മണ്ഡപം ബദലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിലെത്തിയ ഉപരാഷ്ട്രപതിക്ക് പെരുന്ന മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുമതി നൽകിയിരുന്നില്ല. 2015ൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ കാണാൻ സുകുമാരൻ നായർ വിസമ്മതിച്ചിരുന്നു.

സ്‌മൃതി മണ്ഡപം ആനന്ദ

ബോസിന്റെ നിർദ്ദേശപ്രകാരം

പശ്ചിമബംഗാൾ ഗവർണറായി ചുമതലേൽക്കുന്നതിനു മുൻപ് പെരുന്ന സന്ദർശിച്ചപ്പോൾ മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുമതി കിട്ടിയില്ലെന്ന് ഡോ.സി.വി. ആനന്ദബോസ് പറഞ്ഞിരുന്നു. ഡൽഹിയിൽ മന്നം സ്‌മൃതി മണ്ഡപം നിർമ്മിക്കണമെന്ന് താത്പര്യപ്പെട്ട അദ്ദേഹമാണ് ശിലാസ്ഥാപനവും നിർവഹിച്ചത്. ആരോഗ്യനില മോശമായതിനാൽ ഇന്നലെ ചടങ്ങിനെത്താൻ ആനന്ദബോസിനായില്ല. അനുമതി നിഷേധിച്ചെന്ന ആരോപണം സുകുമാരൻ നായർ തള്ളിയിരുന്നു.

ദ്വാരക സെക്‌ടർ 11 ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിലെ മന്നം ഇന്റർനാഷണൽ സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എൻ.എസ്.എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി പിള്ള, ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്,വൈസ് പ്രസിഡന്റുമാരായ ബാബു പണിക്കർ,എസ്.പി.

നായർ,എം.ജി.രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA