SignIn
Kerala Kaumudi Online
Saturday, 29 August 2026 2.21 AM IST

വിവാദം കൂടപ്പിറപ്പ്, നാവിൽ ഗുളികൻ എപ്പോൾ വരുമെന്നറിയില്ല...,​ 75ന്റെ നിറവിൽ പി.സി. ജോർജ്

ss

കോട്ടയം: 'ആരാടാ?' എന്ന് ചോദിച്ചാൽ

'എന്നാടാ? എന്ന് ആരോടായാലും മുണ്ടുമടക്കി കുത്തി തിരിച്ചു ചോദിക്കും. 'തെറിക്കുത്തരം മുറിപ്പത്തൽ' അതാണ് ലെെൻ. 75 വയസിൻ്റെ പടികൾ കയറുമ്പോഴും പൂഞ്ഞാറിലെപുലി പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിന്, പി.സി. ജോർജിന് നിലപാടിൽ മാറ്റമില്ല.

' ഞാൻ ഇതുവരെ പിറന്നാൾ ആഘോഷിച്ചിട്ടില്ല. ഭാര്യ ഉഷ കൊച്ചു വെളുപ്പാൻ കാലത്തു പറഞ്ഞപ്പോഴാണ് ഇന്നലെ 75 വയസറിയിച്ചെന്ന് ഞാൻ പോലും അറിയുന്നത്.ഒരുത്തനോടും പറയാതിരുന്നതു കൊണ്ട് ഒരു ഗുണമുണ്ടായി. ആശംസാവിളികളുടെ ശല്യമുണ്ടായില്ല.'

പി.സി. പറയുന്നു.

മനസിൽ തോന്നുന്നത് വെട്ടിത്തുറന്നു പറയുന്നതിനാൽ വിവാദം കൂടപ്പിറപ്പ് . നാവിൽ ഗുളികൻ എപ്പോഴാണ് വരുന്നതെന്നറിയില്ല. മടിക്കുത്തിൽ നിറതോക്കുമായി നടക്കുന്ന രാഷ്ടീയനേതാവ്. പൊലീസ് സ്റ്റേഷനിൽ കയറി തോക്കു ചൂണ്ടിയ കേസുണ്ട്....അതെല്ലാമാണ് പി.സി.

ആദ്യം വായിക്കുന്നത് കേരളകൗമുദി

'' ഞാൻ പലപത്രം വരുത്തുന്നുണ്ടെങ്കിലും ആദ്യം വായിക്കുന്നത് കേരളകൗമുദിയാണ് . സത്യം പറയുന്ന പത്രമായതിനാൽ എല്ലാവരും വായിക്കണമെന്നും പ്രസംഗത്തിൽപറയാറുണ്ട്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എന്നെ മന്ത്രിയാക്കാൻ നോക്കിയതാണ് . ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളാകോൺഗ്രസ് എമ്മിൻ്റെ മൂന്നാം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും മാണിയും ജോസഫും ചേർന്ന് പാർട്ടിക്ക് രണ്ടു മന്ത്രി മതിയെന്നു പറഞ്ഞ് വെട്ടി. ഉമ്മൻചാണ്ടി നിർബന്ധിച്ചപ്പോഴാണ് ചീഫ് വിപ്പ് പദവി ഏറ്റെടുത്തത് ''

-പി.സി. ജോർജ്

മുന്നണികളെ ഞെട്ടിച്ചു

ഏഴ് തവണ പൂഞ്ഞാർ എം.എൽ.എയായി. 2016ലെ തിരഞ്ഞെടുപ്പിൽ ഇരുമുന്നണിക്കുമെതിരെ സ്വതന്ത്രനായി മത്സരിച്ചിട്ടും 42000 വോട്ടു നേടി ഞെട്ടിച്ചു. നിലവിൽ ബി.ജെപി ദേശീയ സമിതി അംഗം. ആറുപതിറ്റാണ്ടുനീണ്ട രാഷ്ട്രീയ ജീവിതം. സിനിമകളിൽ മുഖ്യമന്ത്രിയായി വരെ വേഷമിട്ടിട്ടുണ്ട്. ഈരാറ്റുപേട്ട പ്ലാത്തോട്ടത്തിൽ ചാക്കോച്ചന്റെയും മറിയാമ്മയുടെയും മകനാണ്.

ഭാര്യ:ഉഷജോർജ്. മക്കൾ:ബി.ജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺജോർജ്, ഷെയ്ൻ ജോർജ്. മരുമകൾ:നടൻ ജഗതിയുടെ മകൾ പാർവ്വതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PC GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA