SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

പയ്യന്നൂർ, തളിപ്പറമ്പ് തോൽവി: മുറിവുണക്കാൻ പിണറായി; വിശദീകരണയോഗം ഇന്നുമുതൽ

aa

കണ്ണൂർ: നിയമസഭതിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ ഞെട്ടിച്ച പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തോൽവിയിൽ രാഷ്ട്രീയവിശദീകരണയാേഗങ്ങൾക്ക് മുന്നിട്ടിറങ്ങി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. തോൽവിയുടെ മുറിവ് ഉണങ്ങാത്ത പശ്ചാത്തലത്തിലാണ് പി.ബി അംഗം കൂടിയായ പിണറായി, ഇന്നുമുതൽ രംഗത്തിറങ്ങുന്നത്.

സംസ്ഥാനസമിതി ചേരുന്നതിനു മുൻപ് തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായാണിത്. മൂന്നുദിവസങ്ങളിലായാണ് പയ്യന്നൂർ, മാത്തിൽ, തളിപ്പറമ്പ്, മയ്യിൽ എന്നീ നാലിടങ്ങളിലെ യോഗം. തിരഞ്ഞെടുപ്പുകാലത്ത് പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകഞ്ഞ മാത്തിലും ടി.കെ.ഗോവിന്ദന്റെ സ്വന്തം നാടായ മയ്യിലും പട്ടികയിലുൾപ്പെടുത്തിയത് യാദൃച്ഛികമല്ല. ഇടഞ്ഞുപോയവരോട് പാർട്ടി എന്തു നിലപാടെടുക്കുമെന്നതിന്റെ സൂചനയും യോഗങ്ങളിലുണ്ടാകും.


രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർത്ഥിനിർണയത്തിൽ പിഴവുപറ്റിയെന്ന് നേതൃത്വം അംഗീകരിച്ചിട്ടുണ്ടെങ്കിലും കാരണങ്ങൾ അണികളെ ബോദ്ധ്യപ്പെടുത്താനായില്ല. വിശദീകരിച്ചതൊന്നും താഴെത്തട്ടിൽ എത്തിയിട്ടില്ല. ശക്തമായി ഇടപെട്ടില്ലെങ്കിൽ ബാക്കിയുള്ള മണ്ണും കൈവിട്ടുപോകുമെന്ന ആശങ്കയുമുണ്ട്. യു.ഡി.എഫ് തരംഗത്തിനപ്പുറം ഒളിഞ്ഞിരിക്കുന്ന ആഭ്യന്തര കാരണങ്ങളും തോൽവിക്ക് പിന്നിലുണ്ട്. ചില നേതാക്കളും വോട്ട് മറിച്ചുനൽകിയെന്നാണ് കണ്ടെത്തൽ.
പയ്യന്നൂരിൽ വി.കുഞ്ഞിക്കൃഷ്ണൻ ഉയർത്തിയ രക്തസാക്ഷിഫണ്ട് ക്രമക്കേട് ആരോപണത്തിന് മറുപടി നൽകാനാവാത്തതും പ്രതിരോധവഴി വിഷമകരമാക്കുന്നു. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും രാഷ്ട്രീയമായി പാർട്ടിയെ പ്രതിരോധത്തിലാഴ്ത്തുന്നുണ്ട്.


ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞു, പക്ഷേ...


ഇന്നു വൈകിട്ട് നാലിന് പയ്യന്നൂർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ് ആദ്യയോഗം. രക്തസാക്ഷിഫണ്ട് വിവാദം കത്തി നിൽക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് പൊതു യോഗത്തിനെത്തിയ പിണറായി 'ഇവിടെ ഒരു ചുക്കും സംഭവിക്കില്ലെ"ന്ന് പറഞ്ഞിരുന്നു. എന്നാൽ പാർട്ടി വിശദീകരണമല്ല, കുഞ്ഞിക്കൃഷ്ണൻ ഓഡിറ്റ് നടത്തി പുറത്തുവിട്ട കണക്കുകളാണ് ജനം വിശ്വാസത്തിലെടുത്തത്.
സ്ഥാനാർത്ഥിനിർണയത്തിലെ പിഴവും ഫണ്ട് വിവാദവും വിഭാഗീയതയുമാണ് തിരിച്ചടിക്ക് വഴിവച്ചതെന്നു ചൂണ്ടിക്കാട്ടുന്ന പാർട്ടി കമ്മിഷൻ റിപ്പോർട്ട് നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ പരിഗണനയിലാണ്. പയ്യന്നൂരിൽ പഴയ കെട്ടുറപ്പ് തിരിച്ചുപിടിക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് ജില്ലാ കമ്മിറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYIVIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA