SignIn
Kerala Kaumudi Online
Friday, 28 August 2026 1.37 AM IST

'മകനാണ് പറയുന്നത്, കഴുത്തിലെ കയറഴിക്ക്" ഗൃഹനാഥന്റെ ജീവൻ രക്ഷിച്ച എസ്.ഐ വൈറൽ

READ ENGLISH VERSION
bibin

ഇടുക്കി: 'ഒരു മോനാണെന്ന് പറയുന്നതെന്ന് വിചാരിക്കൂ... ആ കയറഴിക്കൂ ചേട്ടാ..." സ്‌നേഹവും കരുതലും നിറഞ്ഞ ആ വിളിയിൽ വർഗീസിന്റെ മനസുമാറി. കഴുത്തിലെ കുരുക്കഴിച്ചു. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു. നിലത്തേക്കിറങ്ങി വാതിൽ തുറന്നു.

ഉത്രാടദിനത്തിൽ ജീവിതം അവസാനിപ്പിക്കാൻ കഴുത്തിൽ കുരുക്കിട്ട് നിന്ന മദ്ധ്യവയസ്‌ക്കനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഇടുക്കി സ്റ്റേഷനിലെ എസ്.ഐ ടി.ബി.ബിബിനാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ ഓണം സ്റ്റാർ.

25ന് രാവിലെ 11.30നായിരുന്നു സംഭവം. ഭാര്യയുമായുണ്ടായ വഴക്കിനെ തുട‌ർന്നാണ് പ്രവാസിയായിരുന്ന തടിയമ്പാട് കാർത്ത്യായനിക്കവല സ്വദേശി കടുംകൈയ്ക്ക് മുതിർന്നത്. വാക്കത്തിയെടുത്ത് വെട്ടാനോങ്ങിയതോടെ ഭാര്യ കൺട്രോൾ റൂമിലേക്ക് വിളിച്ചു. മിനിറ്റുകൾക്കകം ബിബിനും സംഘവും സ്ഥലത്തെത്തി. ഈസമയം ഗൃഹനാഥൻ മുറിക്കുള്ളിൽ കയറി വാതിലടച്ച് കഴുത്തിൽ കയറിട്ടു.

കയറിൽ കഴുത്തിട്ട് തൂങ്ങാൻ ഒരുങ്ങുന്നയാളോട് പൊലീസുകാരന്റെ കാർക്കശ്യമല്ല, ഒരു മകന്റെ സ്നേഹഭാഷണമാണ് വേണ്ടതെന്ന് ബിബിനു മനസിലായി. ജനലിലൂടെ അകത്തേക്ക് നോക്കി പറഞ്ഞു... 'പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ ചേട്ടാ... ഞാൻ വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. എന്ത് പ്രശ്നമുണ്ടേലും നമുക്ക് തീർക്കാം. മകനാണ് പറയുന്നത്, കുരുക്ക് അഴിക്ക് ചേട്ടാ..." നിറകണ്ണുകളോടെ അയാൾ കഴുത്തിലെ കുരുക്കഴിച്ചു. വാതിൽ തുറന്നു. എസ്.ഐ ബിബിൻ, ഗ്രേഡ് എസ്.ഐ നോബിൾ, സി.പി.ഒമാരായ കെ.സയോൺ രാജ്, ജിമ്മി എന്നിവർ അരമണിക്കൂറിലേറെ വർഗീസിനോട് സംസാരിച്ചു. സങ്കടങ്ങളെല്ലാം കേട്ടു.

സംഭവത്തിൽ കേസെടുത്തിട്ടില്ല. സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ നിരവധിപ്പേർ പൊലീസിന്റെ സമയോചിത ഇടപെടലിനെ പ്രശംസിച്ച് രംഗത്തെത്തി.

എറണാകുളം വടക്കൻപറവൂർ സ്വദേശിയായ ബിബിൻ (38) തൈക്കൂട്ടത്തിൽ ബാബുവിന്റെയും തങ്കയുടെയും മകനാണ്. കെ.എസ്.സനിതയാണ് ഭാര്യ. എട്ട് വയസുകാരി നിഹാരിക മകളാണ്. പറവൂർ എസ്.ഐയായിരുന്ന ബിബിൻ ദിവസങ്ങൾക്ക് മുമ്പാണ് ഇടുക്കിയിലേക്ക് സ്ഥലംമാറിയെത്തിയത്. എട്ട് വർഷമായി സർ‌വീസിൽ കയറിയിട്ട്.

അയാൾ മരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു. ആ സമയം അങ്ങനെ പറയാനാണ് തോന്നിയത്. മറ്റൊന്നും ചിന്തിച്ചില്ല. ആളെ രക്ഷിക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം"

-എസ്.ഐ ടി.ബി. ബിബിൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA