
തൃശൂർ: ആവേശത്തിന്റെ അലകടലായി തിരുവമ്പാടിയുടെ മഠത്തിൽ വരവ്. മുണ്ടത്തിക്കോട്ടെ ദുരന്ത സ്മൃതികളൊന്നും തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ ആവേശം കുറച്ചില്ല.
കോലമേറ്റി തിരുവമ്പാടി ചന്ദ്രശേഖരനും കുട്ടൻകുളങ്ങര അർജുനനും പാമ്പാടി രാജനും പതിനൊന്നരയോടെ മഠത്തിൽ നിന്ന് പുറത്തിറങ്ങിയതോടെ പതികാലത്തിന് കോങ്ങാട് മധുവും കൂട്ടരും താളമിട്ടു തുടങ്ങി. കരിയന്നൂർ നാരായണൻ നമ്പൂതിരി, കോങ്ങാട് മോഹനൻ, പെരുവനം കൃഷ്ണൻ പിഷാരടി, അകതിയൂർ ഹരീഷ്, തൃപ്രയാർ രമേഷ് തുടങ്ങിയ പ്രഗത്ഭരായിരുന്നു തിമിലക്കാരുടെ നിരയിൽ. തിമിലയുടെ രണ്ട് കൂട്ടിക്കൊട്ടിന് ശേഷം താളം മദ്ദളക്കാരുടെ കൈയിലായി. ഇതോടെ പഞ്ചവാദ്യത്തിന്റെ മട്ടും മാറി. കോട്ടയ്ക്കൽ രവിയുടെ നേതൃത്വത്തിലുള്ള മദ്ദള സംഘവും മഠത്തിൽവരവിന്റെ അമരത്ത് സ്ഥാനം പിടിച്ചു. കൈലിയാട് മണികണ്ഠൻ, പനങ്ങാട്ടുകര പ്രകാശൻ, വരവൂർ ഹരിദാസ് എന്നിവർ ഉൾപ്പെട്ടതായിരുന്നു മദ്ദളസംഘം. കൊമ്പും ഇലത്താളവും ഒപ്പം ചേർന്നപ്പോൾ പിറന്നത് മറ്റൊരു മേളപ്പൂരം. ഇടയ്ക്കയുടെ കാലപ്രമാണത്തിന് ശേഷം കൂട്ടിക്കൊട്ടിന്റെ ആരവം. പൂരാരവം ഉച്ചസ്ഥായിയിലെത്തി നിൽക്കെ ആനന്ദത്തിന്റെ നെറുകയിൽ കൂട്ടപ്പൊരിച്ചിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |