
തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകൾ വെട്ടിച്ചുരുക്കുകയും നിയമനസാദ്ധ്യത കുറയുകയും ചെയ്തതോടെ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിൽ ഭീമമായ കുറവ്. പുരുഷൻമാരുടെ ഏഴ് ബറ്റാലിയനുകളിൽ കഴിഞ്ഞ വിജ്ഞാപനത്തിന് 1,30,592 പേർ അപേക്ഷിച്ച സ്ഥാനത്ത് ഇക്കുറി ലഭിച്ചത് 97,477 അപേക്ഷകളാണ്- 33,115 പേരുടെ കുറവ്. തിരുവനന്തപുരം ആസ്ഥാനമായ എസ്.എ.പി.യിലേക്കാണ് കൂടുതൽ അപേക്ഷകർ- 18,874 പേർ. കുറവ് ഇടുക്കിയിൽ- 9744 പേർ.
വനിതാ ബറ്റാലിയനിലേക്ക് കഴിഞ്ഞ വിജ്ഞാപനത്തിന് 1,54,114 പേർ അപേക്ഷിച്ചിരുന്നത് ഇത്തവണ 1,23,129 ആയി- 30,985 പേരുടെ കുറവ്. അശ്വാരൂഢ പൊലീസിൽ അപേക്ഷിച്ചത് 1178 പേർ. കഴിഞ്ഞ വിജ്ഞാപനത്തിന് 1400 അപേക്ഷകരുണ്ടായിരുന്നു. ബാൻഡ് യൂണിറ്റ് കോൺസ്റ്റബിൾ വിജ്ഞാപനത്തിന് 760 അപേക്ഷകരുണ്ട്.
ബാൻഡ് യൂണിറ്റിലേക്കുള്ള പൊലീസ് കോൺസ്റ്റബിളിന്റെ കഴിഞ്ഞ റാങ്ക്പട്ടികയ്ക്ക് ഒരു മാസംപോലും കാലാവധി ലഭിച്ചിരുന്നില്ല. 163 പേർക്ക് നിയമന ശുപാർശ നൽകിയപ്പോഴേ റാങ്ക് പട്ടികയിൽ ആളില്ലാതായി. 276 ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. 113 ഒഴിവ് ബാക്കി നിൽക്കുകയാണ്.
പൊലീസിലെ 21 കാറ്റഗറികൾക്കായി ജൂൺ 20-നാണ് പി.എസ്. സി പൊതുപരീക്ഷ നടത്തുന്നത്. അപേക്ഷിച്ചവർ പരീക്ഷയെഴുതുമെന്ന ഉറപ്പ് ഈ മാസം 11-നകം പ്രൊഫൈൽ വഴി നൽകണം. അല്ലാത്തവർക്ക് അഡ്‌മിഷൻ ടിക്കറ്റ് ലഭിക്കില്ല. കൺഫർമേഷൻ നടപടികൾ പൂർത്തിയായ ശേഷം പരീക്ഷാകേന്ദ്രം, സമയം എന്നിവ നിശ്ചയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |